ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. തട്ടിപ്പു കേസിലെ സാക്ഷിയാണ് ജാക്വലിൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെട്ട കൈക്കൂലി കേസിൽ ആരോപണവിധേയനായ സുകാഷ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിൽ കോടികൾ തട്ടിയ സംഘത്തിനെതിരായ കേസിലാണ് അന്വേഷണം.
കേസിൽ നടി പ്രതിയല്ലെന്നും സുകാഷ് ചന്ദ്രശേഖറിനെതിരായ കേസിലെ സാക്ഷിയെന്ന നിലയിലാണു ചോദ്യം ചെയ്തതെന്നും ഇഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ദേശീയ മാധ്യമത്തോടു പറഞ്ഞു. അഞ്ചു മണിക്കൂറിലേറെ നേരം നടിയെ ഇഡി ചോദ്യം ചെയ്തു.
ഏതാനും മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടി ലീന മരിയ പോൾ സുകാഷിന്റെ കൂട്ടാളിയായിരുന്നു. സാമ്പത്തിക തിരിമറിക്കേസുകളിൽ ലീനയ്ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. 2017 ൽ അറസ്റ്റിലായ സുകാഷ് നിലവിൽ ഡൽഹി രോഹിണി ജയിലിലാണ്. ഇയാൾ 17 വയസ്സുമുതൽ കുറ്റകൃത്യങ്ങളുടെ ഭാഗമാണ്. സുകാഷിനെതിരെ നിരവധി എഫ്ഐആറുകൾ ഉണ്ട്. ഇരുപതോളം തട്ടിപ്പുകേസുകൾ സുകാഷിനെതിരെയുണ്ട്.