
മനാമ: ഇന്ത്യൻ സ്കൂൾ വാർഷിക കായിക മേളയിൽ 372 പോയിന്റുകൾ നേടി ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 357 പോയിന്റുകൾ വീതം നേടി സി.വി.ആർ ഹൗസും വി.എസ്.ബി ഹൗസും റണ്ണർഅപ്പ് സ്ഥാനം പങ്കിട്ടു.

ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജുസർ രൂപവാല മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് & ഐ.ടി അംഗം ബോണി ജോസഫ്, പ്രോജക്ട് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, അംഗം ബിജു ജോർജ്ജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു.


സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി അടയാളപ്പെടുത്തുന്ന വാർഷിക കായിക ദിനത്തിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും സജീവമായ പങ്കാളിത്തവും ഊർജ്ജസ്വലതയും അനുഭവപ്പെട്ടു. മുഖ്യാതിഥിയായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ ജൂസർ രൂപവാല, ശക്തമായ ഒരു കായിക സംസ്കാരം വളർത്തിയെടുക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സ്കൂളിനെ അഭിനന്ദിച്ചു.

അഡ്വ. ബിനു മണ്ണിൽ വർഗീസ് തന്റെ അധ്യക്ഷ പ്രസംഗത്തിൽ, അക്കാദമിക മികവിനും സമഗ്ര വികസനത്തിനുമുള്ള സ്കൂളിന്റെ ദീർഘകാല പ്രതിബദ്ധത ഊന്നിപ്പറഞ്ഞു. വൈസ് ചെയർമാനും (സ്പോർട്സ്) അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ കായികമേളയിലെ കൂട്ടായ പരിശ്രമങ്ങളെ പ്രശംസിച്ചു. നേരത്തെ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. മുഖ്യാതിഥിക്ക് അഭിനന്ദന സൂചകമായി മെമന്റോ സമ്മാനിച്ചു. കായിക വകുപ്പ് മേധാവി മേധാവി ശ്രീധർ ശിവ സാമിഅയ്യ വാർഷിക സ്പോർട്സ് റിപ്പോർട്ട് അവതരിപ്പിച്ചു.

ദേശീയ ഗാനവും സ്കൂൾ പ്രാർത്ഥനയും ശേഷം അഫാൻ മുഹമ്മദ് ഖാൻ വിശുദ്ധ ഖുർആനിൽ നിന്നുള്ള പാരായണവും നിർവഹിച്ചു. ഒളിമ്പിക് ദീപശിഖ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് തെളിയിച്ചതോടെ ആഘോഷങ്ങളുടെ ഔദ്യോഗിക തുടക്കം കുറിച്ചു. കായിക അസി.സെക്രട്ടറി മുഹമ്മദ് ലാമിഹ് പ്രതിജ്ഞ വായിച്ചു.

അഡ്വ. ബിനു മണ്ണിൽ വർഗീസ് സ്കൂൾ പതാക ഉയർത്തി, സ്പോർട്സ് മീറ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. ജൂനിയർ ക്യാമ്പസ് ചിയർലീഡർമാർ നടത്തിയ നൃത്താവതരണത്തിലൂടെ ചടങ്ങ് കൂടുതൽ സജീവമായി. 4, 5 ക്ലാസുകളിലെ വിദ്യാർത്ഥികൾ സ്കൂളിന്റെ ശ്രദ്ധേയമായ 75 വർഷത്തെ യാത്രയെ അനുസ്മരിച്ചു മൈതാനത്ത് സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ലോഗോ സൃഷ്ടിച്ചു.

വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളുടെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകം പ്രദർശിപ്പിച്ചുകൊണ്ട് 4 മുതൽ 8 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ നടത്തിയ ശ്രദ്ധേയമായ സാംസ്കാരിക ഘോഷയാത്രയായിരുന്നു പരിപാടിയുടെ ഒരു പ്രത്യേകത. തുടർന്ന് സ്കൂൾ ബാൻഡ്, സ്കൗട്ട്സ്, ഗൈഡുകൾ എന്നിവരുടെ നേതൃത്വത്തിൽ മാർച്ച് പാസ്റ്റ് നടന്നു. ജെ സി ബോസ്, ആര്യഭട്ട, വിക്രം സാരാഭായ്, സി വി രാമൻ ഹൗസുകൾ അച്ചടക്കത്തോടെ മാർച്ച് പാസ്റ്റിൽ അണിനിരന്നു. വ്യക്തിഗത ചാമ്പ്യന്മാർ, ഓവറോൾ ചാമ്പ്യന്മാർ എന്നിവർക്കുള്ള സമ്മാനങ്ങൾ നൽകി. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പറഞ്ഞു. മാർച്ച് പാസ്റ്റിൽ ആര്യഭട്ട ഹൗസും സി.വി രാമൻ ഹൗസും ഒന്നാം സമ്മാനം പങ്കിട്ടപ്പോൾ ജെ.സി ബോസ് ഹൗസ് രണ്ടാം സമ്മാനം നേടി.

വ്യക്തിഗത ചാമ്പ്യന്മാർ :
1. സബ് ജൂനിയർ ആൺകുട്ടികൾ: ഹൃദയ് തപസ്വി അഭിനന്ദൻ -14 പോയിന്റ് – സിവിആർ ഹൗസ്
2. സബ് ജൂനിയർ പെൺകുട്ടികൾ: സാറാ മുഹമ്മദ് റാഫി -16 പോയിന്റ് – സിവിആർ ഹൗസ്
3. ജൂനിയർ ആൺകുട്ടികൾ: രാഹുൽ ബാലകൃഷ്ണൻ -21 പോയിന്റ് – എആർബി ഹൗസ്
4. ജൂനിയർ പെൺകുട്ടികൾ: പൂർവ്വി ഗുരുപ്രസാദ് -25 പോയിന്റ് – ജെസിബി ഹൗസ്
5. പ്രീ-സീനിയർ ആൺകുട്ടികൾ: ആരവ് ശ്രീവാസ്തവ -28 പോയിന്റ് – വിഎസ്ബി ഹൗസ്
6. പ്രീ-സീനിയർ പെൺകുട്ടികൾ: പാർവതി സലീഷ് -28 പോയിന്റ് – വിഎസ്ബി ഹൗസ്
7. സീനിയർ ആൺകുട്ടികൾ: ജോസ് മാത്യു -21 പോയിന്റ് – വിഎസ്ബി ഹൗസ്
8. സീനിയർ പെൺകുട്ടികൾ: സ്വർണ്ണിത ഗോസാല -14 പോയിന്റ് – വിഎസ്ബി ഹൗസ്
9. സൂപ്പർ സീനിയർ ആൺകുട്ടികൾ: അയാൻ ഖാൻ -19 പോയിന്റ് – വിഎസ്ബി ഹൗസ്
10. സൂപ്പർ സീനിയർ പെൺകുട്ടികൾ: ആഗ്നസ് ചാക്കോ ജോസഫ് -28 പോയിന്റ് – ജെസിബി ഹൗസ്

