കോഴിക്കോട്: കേരളം വിഭജിക്കണമെന്ന ആവശ്യമുയര്‍ത്തി എസ്.വൈ.എസ്. നേതാവ് മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തിലാണ് അദേഹം വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.
കേരളം വിഭജിക്കണമെന്ന ആവശ്യമുയര്‍ന്നാല്‍ തെറ്റു പറയാന്‍ കഴിയില്ലെന്ന് അദേഹം പറഞ്ഞു. പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്
ഹയര്‍സെക്കന്‍ഡറി റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിന് മുമ്പില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ രംഗത്ത് മലബാറിനോട് അവഗണന തുടരുമ്പോള്‍ മലബാര്‍ സംസ്ഥാനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ തെറ്റുപറയാന്‍ കഴിയില്ല. തെക്കന്‍ കേരളത്തിലുള്ളവരെപ്പോലെ തന്നെ നികുതിപ്പണം കൊടുക്കുന്നവരാണ് മലബാറിലുള്ളത്. അതിനാല്‍ അവഗണനയുണ്ടാകുമ്പോള്‍ പല തരത്തിലുള്ള പ്രതിഷേധങ്ങളുണ്ടാകും.
അവഗണന തുടരുമ്പോഴാണ് വിഘടനവാദങ്ങളിലേക്ക് ചിലർ ഇറങ്ങുന്നത്. മലബാര്‍ സംസ്ഥാനം വന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. വിഭവങ്ങള്‍ വീതംവെക്കുന്നതില്‍ സര്‍ക്കാര്‍ നീതി കാണിക്കുന്നില്ല. മോദി ചെയ്യുന്നത് തന്നെയാണ് സംസ്ഥാന സര്‍ക്കാരും ചെയ്യുന്നതെന്നും മുസ്തഫ മുണ്ടുപാറ പറഞ്ഞു.