
മനാമ: ലോകത്തിലെ ഏറ്റവും ജനപ്രിയമായ ഭക്ഷണവിഭവങ്ങളിലൊന്നായ ഇറ്റാലിയൻ ഭക്ഷണ രുചികൾ ആസ്വദിക്കാൻ ലുലു ഹൈപ്പർമാർക്കറ്റ് അവസരമൊരുക്കുന്നു. ബഹ്റൈനില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഇറ്റാലിയന്‍ ഭക്ഷ്യമേളയ്ക്കു കഴിഞ്ഞ ദിവസം തുടക്കമായി. ലുലു ആട്രിയം മാളിൽ ആരംഭിച്ച ഭക്ഷ്യമേള ബഹ്റൈനിലെ ഇറ്റാലിയൻ അംബാസഡർ പൗല അമാഡെ ഉദ്ഘാടനം ചെയ്തു. ലുലു ഉദ്യോഗസ്ഥരും, നയതന്ത്ര പ്രതിനിധികളും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
ഒലിവ് ഓയിൽ, ശരത്കാല പഴങ്ങൾ, പ്ലം, തക്കാളി, ചീസ്, സോസുകൾ, സവിശേഷമായ പാസ്തയുടെ വിപുലമായ ശ്രേണി, മധുരപലഹാരങ്ങൾ, ബിസ്കറ്റുകൾ, പരമ്പരാഗത കേക്കുകൾ തുടങ്ങിയ വിഭവങ്ങളാണ് ലുലു ഔട്ട്ലെറ്റുകളിൽ ഭക്ഷണ പ്രേമികളെ കാത്തിരിക്കുന്നത്. നവംബർ 20 വരെ നീണ്ടുനിൽക്കുന്ന പ്രമോഷൻ കാലയളവിൽ തിരഞ്ഞെടുത്ത ഇറ്റാലിയൻ ഉൽപന്നങ്ങൾക്ക് 25 ശതമാനം കിഴിവും ലഭിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് ‘സുഗോ’ ഷോപ് ഉടമയും ഷെഫുമായ നിക്കോള വിൻസെൻസിനി ഒരുക്കിയ തത്സമയ പാചകം ശ്രദ്ധേയമായിരുന്നു. വീൽസ് ഓഫ് അറേബ്യ വിപണനം ചെയ്യുന്ന വെസ്പ, ഡ്യുക്കാറ്റി ബൈക്കുകളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.

ലുലു ഹൈപ്പർമാർക്കറ്റുകൾ ഇറ്റാലിയൻ ഉൽപ്പന്നങ്ങളും ഭക്ഷണങ്ങളും ലഭ്യമാക്കുന്നതിൽ നൽകുന്ന ശ്രദ്ധയിൽ വളരെ സന്തോഷമുണ്ടെന്ന് അംബാസഡർ പൗല അമാഡെ പറഞ്ഞു. രാജ്യത്തിലെ വർദ്ധിച്ചുവരുന്ന ഇറ്റാലിയൻ ഫുഡ് ഔട്ട്ലെറ്റുകൾ ഇറ്റാലിയൻ ഭക്ഷണം ബഹ്റൈനിലെ ഏറ്റവും ജനപ്രിയമായ പാചകരീതികളിലൊന്നാണ് എന്ന് വ്യക്തമാക്കുന്നു. രുചികരമായ ഇറ്റാലിയൻ വിഭവങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ലുലു ഹൈപ്പർമാർക്കറ്റിനു അതിയായ സന്തോഷമുണ്ടെന്ന് ലുലു ഗ്രൂപ് ഡയറക്ടർ ജുസർ രൂപാവാല പറഞ്ഞു.
ഇറ്റലിയിലെ മിലാനിൽ അടുത്തിടെ തുറന്ന ലുലു ഗ്രൂപ്പിന്റെ ലോജിസ്റ്റിക് ഹബ്, ബഹ്റൈനിലെ ഷോപ്പർമാർക്ക് ഏറ്റവും മികച്ച ഇറ്റാലിയൻ ഉൽപന്നങ്ങൾ മികച്ച വിലക്ക് എത്തിക്കാൻ വഴിയൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
