പത്തനംതിട്ട: ഇടത് മുന്നണിക്ക് തലവേദനയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോർജും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. സിപിഎം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ പരസ്യ പ്രതികരണവുമായി സിപിഐ ജില്ലാ സെക്രട്ടറിയും രംഗത്തെത്തി. ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേർ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന് വ്യക്തമാക്കി. സി പി എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം നിർഭാഗ്യകരമാണ്.(കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന് പറയുന്നത് പോലെയാണ് ചിറ്റയത്തിന്റെ പ്രതികരണമെന്നായിരുന്നു സിപിഎം ജില്ലാ സെക്രടറിയുടെ വിശദീകരണം ). അച്ഛനെ കാഴ്ചക്കാരനാക്കിയിട്ട് കരക്കാർ കല്യാണം നടത്തുന്നത് ശരിയല്ലെന്ന് സിപിഐ ജില്ല സെക്രട്ടറി തുറന്നടിച്ചു. സി പി എം ജില്ലാ സെക്രട്ടറി ഈ വിഷയത്തിൽ പ്രതികരണം നടത്തേണ്ടിയിരുന്നില്ല. മുന്നണിക് അകത്ത് എല്ലാം ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു
ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണെന്നും സർക്കാരിന്റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എംഎൽഎമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങൾക്ക് മുന്നണിക്ക് നൽകിയ പരാതിയിലൂടെയാണ് മന്ത്രിയുടെ മറുപടി. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പറഞ്ഞതെന്നാണ് വീണ ജോർജിന്റെ വിശദീകണം. ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ചിറ്റയത്തിന്റെ ആരോപണത്തിൽ വേണമെങ്കിൽ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാമെന്നാണ് മന്ത്രിയുടെ മറുപടി. പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ സിപിഐ- സിപിഎം സംഘർഷം തമ്മിൽ തല്ലുന്ന ഘട്ടം വരെ എത്തിയതിന് പിന്നാലെയാണ് മന്ത്രി ഡെപ്യൂട്ടി സ്പീക്കർ പോര് മുറുകുന്നത്.