കൊച്ചി:ഐഎസ്എല്‍ ഏഴാം സീസണിലെ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. ആദ്യപകുതിയില്‍ രണ്ടു ഗോളിന് മുന്നില്‍ നിന്ന ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിലെ രണ്ടു ഗോള്‍ നേട്ടത്തോടെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് സമനിലയില്‍ പിടിക്കുകയായിരുന്നു. സമനിലയോടെ ആദ്യ പോയിന്റ് നേടി പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തേക്ക് കയറി.
വിടപറഞ്ഞ ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് മത്സരം തുടങ്ങിയത്. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് ഫ്രീകിക്ക് അവസരം കിട്ടി. ഗാലോഗോയുടെ കിക്ക്, ബോക്സില്‍ എത്തിയെങ്കിലും അപകടം സൃഷ്ടിക്കാതെ കടന്നു പോയി. അഞ്ചാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്സ് സ്വപ്ന തുല്യമായ ലീഡെടുത്തു. ബോക്സിനടുത്ത് നിന്ന് കിട്ടിയ ഫ്രീകിക്കില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. സെയ്ത്യസെന്‍ സിംഗിന്റെ കിക്ക് കൃത്യമായി ബോക്സിനകത്ത് നിന്ന സെര്‍ജിയോ സിഡോഞ്ചയിലേക്ക്. നായകന് ഒരു പിഴവും വരുത്താതെ ഹെഡറിലൂടെ പന്ത് കൃത്യം വലയിലാക്കി. ആദ്യമിനിറ്റിലെ ഗോള്‍ ബ്ലാസ്റ്റേഴ്സിന് ഊര്‍ജം പകര്‍ന്നു. തുടര്‍ച്ചയായ നീക്കങ്ങളാല്‍ ബ്ലാസ്റ്റേഴ്സ് എതിരാളികളില്‍ സമ്മര്‍ദം സൃഷ്ടിച്ചു.
45ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യകോര്‍ണര്‍ ലഭിച്ചു. സെയ്ത്യസെന്‍ സിംഗിന്റെ കോര്‍ണര്‍ കിക്ക് നോര്‍ത്ത് ഈസ്റ്റ് ബോക്സിനകത്ത് കൂട്ടപൊരിച്ചില്‍ സൃഷ്ടിച്ചു. പന്ത് കണക്ട് ചെയ്യാനുള്ള ശ്രമത്തിനിടെ പിറകില്‍ നിന്ന് രാകേഷ് പ്രധാന്, ലാല്‍താതാംഗ ഖാല്‍റിങിനെ വീഴ്ത്തിയതിന് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായ പെനാല്‍റ്റി വിധിച്ചു. അനായാസമായിരുന്നു ഹൂപ്പറിന്റെ കിക്ക്. പന്ത് കൃത്യം വലയുടെ മധ്യത്തില്‍ പതിച്ചു. ഹൂപ്പറിന്റെ ആദ്യ ഐഎസ്എല്‍ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ലീഡുയര്‍ത്തി. ആദ്യപകുതിക്ക് തൊട്ട് മുമ്പ് നോര്‍ത്ത് ഈസ്റ്റിന് ഒരു കോര്‍ണര്‍ കിക്ക് ലഭിച്ചെങ്കിലും ഫലമുണ്ടാക്കാനായില്ല. കോസ്റ്റയുടെ സമയോചിത ഇടപെടല്‍ അവരുടെ ഗോള്‍ അകറ്റി.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഒരു ഗോള്‍ വഴങ്ങി. തുടര്‍ച്ചയായ രണ്ടു കോര്‍ണറുകള്‍ക്കൊടുവിലാണ് നോര്‍ത്ത് ഈസ്റ്റ് ലക്ഷ്യം കണ്ടത്. അമ്പതാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് താരങ്ങളിലെ ആശയക്കുഴപ്പം മുതലെടുത്ത് ക്വേസി അപിയ ആണ് ഗോള്‍ നേടിയത്. നോര്‍ത്ത് ഈസ്റ്റിന്റെ ആറാം കോര്‍ണര്‍ കിക്കായിരുന്നു ഇത്. മത്സരം പുരോഗമിക്കുന്നതിനിടെ ബോക്സിനകത്ത് ലാലെങ്മാവിയയെ, ജെസെല്‍ വീഴ്ത്തിയെന്ന കാരണത്താല്‍ റഫറി പെനാല്‍റ്റി സ്പോട്ടിലേക്ക് വിരല്‍ചൂണ്ടി. പക്ഷേ പരിചയ സമ്പന്നനായ അപിയയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പുറത്തായി. ബ്ലാസ്റ്റേഴ്സ് പ്രതിരോധം കടുപ്പിച്ചെങ്കിലും അവസാന മിനുറ്റില്‍ ഇദ്രിസ സെല്ലയിലൂടെ തന്നെ ഹൈലാന്‍ഡേഴ്സ് സമനില പിടിച്ചു.
[embedyt] https://www.youtube.com/watch?v=KSwuqcnzdvc[/embedyt]