
മുംബൈ: ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറ, ഓള് റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം നല്‍കാനുള്ള നീക്കവുമായി ബിസിസിഐ. ലോകകപ്പിന് മുന്‍പ് നടക്കുന്ന ഏകദിന പോരാട്ടത്തിനുള്ള ടീമിലേക്ക് ഇരുവരേയും പരിഗണിച്ചേക്കില്ല. പൂര്‍ണ ഫിറ്റായി ഇരുവരേയും ലോകകപ്പില്‍ കളിപ്പിക്കാനുള്ള നീക്കമാണ് തീരുമാനത്തിനു പിന്നില്‍.
ഇന്ത്യയുടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ നിര്‍ണായക താരങ്ങളാണ് ഇരുവരും. ലോകകപ്പില്‍ ടീമിന്റെ നട്ടെല്ലുകളായി നില്ക്കുന്ന താരങ്ങളും ഇരുവരുമാണ്. പരിക്കേല്‍ക്കുന്നത് ഒഴിവാക്കുക, ജോലി ഭാരം കുരയ്ക്കുക എന്നിവയെല്ലാം തീരുമാനത്തിനു പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിവികള്‍ക്കെതിരായ ടി20 പരമ്പരയും ലോകകപ്പിനു മുന്‍പ് ഇന്ത്യ കളിക്കുന്നുണ്ട്. ജനുവരി നാലിനോ അഞ്ചിനോ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കും.
വിക്കറ്റ് കീപ്പര്‍ സ്ഥാനത്തു നിന്നു ഋഷഭ് പന്തിനെ മാറ്റി ഇഷാന് കിഷന്, ജിതേഷ് ശര്‍മ എന്നിവരിലൊരാളെ ഏകദിന ടീമിലേക്ക് പരിഗണിക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്. നിലവില്‍ കെഎല്‍ രാഹുല്‍ ഏകദിന ടീം വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. ബേക്ക് അപ്പായാണ് ഇഷാന്, ജിതേഷ് എന്നിവരെ പരിഗണിക്കുന്നത്.
സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 പോരാട്ടത്തിന്റെ ഫൈനലില്‍ ഓപ്പണറായി ഇറങ്ങി സെഞ്ച്വറി നേടി മികവ് തെളിയിച്ചതിനു പിന്നാലെ ഇഷാന് കിഷനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. സഞ്ജു സാംസണ് ഒന്നാം വിക്കറ്റ് കീപ്പറും ഓപ്പണറുമായി ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ സ്റ്റാന്‍ഡ് ബൈ കീപ്പറും ഓപ്പണറുമായാണ് ഇഷാന്റെ വരവ്. പിന്നാലെയാണ് ഏകദിനത്തിലേക്കും താരത്തെ പരിഗണിക്കുന്നത് എന്നാണ് വിവരം.
ജനുവരി 11, 14, 18 തീയതികളിലായാണ് ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പര. ടി20 പരമ്പര ജനുവരി 21 മുതല്‍ 31 വരെയാണ്. നഗ്പുര്‍, റായ്പുര്‍, ഗുവാഹത്തി, വിശാഖപട്ടണം, തിരുവനന്തപുരം എന്നിവയാണ് ടി20 പരമ്പരയ്ക്കുള്ള വേദികള്‍.


