
മനാമ: ബഹ്റൈനിലെ മനാമയില്‍ നടന്ന ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ഫെഡറേഷന് (ഐ.എസ്.എഫ്) വേള്‍ഡ് ജിംനേഷ്യഡ് 2024ല്‍ മികച്ച നേട്ടങ്ങള്‍ കൊയ്ത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ടീം രണ്ട് സ്വര്‍ണ്ണ മെഡലുകളും നാല് വെള്ളി മെഡലുകളും ആറ് വെങ്കല മെഡലുകളും നേടി. അമ്പെയ്ത്ത്, ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്, അത്ലറ്റിക്സ്, ബാഡ്മിന്റണ്‍, ബാസ്കറ്റ്ബോള്‍, ചെസ്സ്, ഫെന്‍സിംഗ്, ജൂഡോ, കരാട്ടെ, നീന്തല്‍, ടേബിള്‍ ടെന്നീസ്, തായ്ക്വോണ്ടോ, ടെന്നീസ് തുടങ്ങി വിവിധ ഇനങ്ങളില്‍ ഇന്ത്യന്‍ ടീം പങ്കെടുത്തുത്തു.
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമടങ്ങുന്ന 185 അംഗ സംഘമാണ് ജിംനേഷ്യഡിനെത്തിയത്.
‘വിസിറ്റ് എംബസി’ പ്രോഗ്രാമിന്റെ ഭാഗമായി പ്രതിനിധി സംഘത്തിനായി ഇന്ത്യന്‍ എംബസി സന്ദര്‍ശനം സംഘടിപ്പിച്ചു. അംബാസഡര്‍ വിനോദ് കെ. ജേക്കബ് സംഘവുമായി ആശയവിനിമയം നടത്തി. എംബസിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദീകരണം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചു. എംബസി ആതിഥേയത്വം വഹിക്കുന്ന നിരവധി സംരംഭങ്ങളെക്കുറിച്ചും എക്സിബിഷനുകളെക്കുറിച്ചും അവരെ അറിയിച്ചു. കൂടാതെ, ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും വിദ്യാര്‍ത്ഥികളോട് എംബസി അധികൃതര്‍ സംസാരിച്ചു.
