മനാമ: അക്കാദമിക മികവിന്റെ പാരമ്പര്യത്തിനു അനുസൃതമായി ഇന്ത്യൻ സ്കൂൾ ബഹ്റൈൻ ഇക്കഴിഞ്ഞ പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷകളിൽ മൊത്തം 12ല്‍ 8 ഐലന്‍ഡ് ടോപ്പർ സ്ഥാനങ്ങള്‍ നേടി. ബഹ്റൈനിലെ സിബിഎസ്ഇ സ്കൂളുകളില്‍ നിന്നായി ഒന്നും രണ്ടും ഐലന്‍ഡ് ടോപ്പർ അവാർഡുകളും സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളില്‍ നിന്നുള്ള രണ്ട് അവാർഡുകള്‍ വീതവും ഇന്ത്യന്‍ സ്കൂള്‍ കരസ്ഥമാക്കി.
98 ശതമാനം മാര്‍ക്കോടെ (490/500) ഇന്ത്യന്‍ സ്കൂള്‍ ടോപ്പറായ റീലു റെജിയാണ് ഈ വർഷം ഐലന്‍ഡ് ടോപ്പറായി തിരഞ്ഞെടുക്കപ്പെട്ടത്. 97.8 ശതമാനം (489/500) നേടിയ കെയൂർ ഗണേഷ് ചൗധരിക്ക് ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു. ബഹ്റൈനിലെ സയൻസ് സ്ട്രീമിലെ ടോപ്പർ കൂടിയാണ് റീലു റെജി. ഈ സ്ട്രീമിൽ കെയൂർ ഗണേഷ് ചൗധരി രണ്ടാം സ്ഥാനത്തെത്തി. ദേശീയ തലത്തിലുള്ള ഈ നേട്ടങ്ങൾക്ക് പുറമേ കെമിസ്ട്രി (100), ബയോടെക്നോളജി (99) എന്നി വിഷയങ്ങളില്‍ റീലു റെജിയും ഫിസിക്സ് (100), കമ്പ്യൂട്ടർ സയൻസ് (99) എന്നിവയിൽ കെയൂർ ഗണേഷും സ്കൂളില്‍ സബ്ജക്റ്റ് ടോപ്പര്‍മാരാണ്.
97.2 ശതമാനം (486/500) നേടി കൊമേഴ്സ് സ്ട്രീമിൽ സ്കൂളില്‍ ടോപ്പറായ നന്ദിനി രാജേഷ് നായര്‍ ബഹ്റൈനിലെ ഈ സ്ട്രീമില്‍ രണ്ടാമതെത്തി. 96.6 ശതമാനം നേടിയ (483/500) ഷെറീൻ സൂസൻ സന്തോഷ് ദ്വീപില്‍ മൂന്നാം സ്ഥാനത്തെത്തി. ദേശീയ തലത്തിലെ ഈ നേട്ടങ്ങൾക്ക് പുറമേ, സാമ്പത്തിക ശാസ്ത്രത്തിലും (100) ബിസിനസ് സ്റ്റഡീസിലും (98) സ്കൂള്‍ ടോപ്പറാണ് നന്ദിനി.
97.2 ശതമാനം മാര്‍ക്കോടെ (486/500) ഹ്യുമാനിറ്റീസ് സ്ട്രീമിൽ സ്കൂളില്‍ ഒന്നാമതെത്തിയ അർച്ചിഷ മരിയോ ബഹ്റൈനില്‍ ഈ സ്ട്രീമിലെ രണ്ടാം സ്ഥാനം നേടി. 96.6 ശതമാനം നേടിയ (483/500) അഞ്ജ്ന സുരേഷ് ഈ സ്ട്രീമില്‍ ദ്വീപിലെ മൂന്നാം സ്ഥാനം നേടി. പന്ത്രണ്ടാം ക്ലാസില്‍ ഇന്ത്യൻ സ്കൂളിൽ ആദ്യമായി ഇംഗ്ലീഷിൽ മുഴുവന്‍ മാര്‍ക്കും നേടിയെന്ന അപൂർവ നേട്ടത്തിനു അർച്ചിഷ മരിയോ ഉടമയായി. സ്കൂളിൽ ഹോം സയൻസ് (98), സോഷ്യോളജി (98) എന്നി വിഷയങ്ങളില്‍ ടോപ്പറാണ് അർച്ചിഷ. പന്ത്രണ്ടാം ക്ലാസിലെ പരീക്ഷ എഴുതിയ 675 വിദ്യാർത്ഥികളിൽ 65.9 ശതമാനം വിദ്യാർത്ഥികൾക്ക് ഡിസ്റ്റിഗ്ഷനും 92.7 ശതമാനം വിദ്യാർത്ഥികൾക്ക് ഒന്നാം ക്ലാസും ലഭിച്ചു.