മനാമ: നവംബർ 23, 24, 25 തീയതികളിൽ ബഹ്റൈനിലെ ഇന്ത്യൻ സ്കൂൾ മെഗാ മേളയിൽ പ്രശസ്ത ദക്ഷിണേന്ത്യൻ പിന്നണി ഗായിക മൃദുല വാര്യർ പങ്കെടുക്കും. നവംബർ 24 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയിൽ മൃദുല വാര്യർക്കൊപ്പം ഗായകരായ സിദ്ധാർത്ഥ് മേനോൻ, സച്ചിൻ വാര്യർ, വിഷ്ണു ശിവ, അവനി, അബ്ദുൾ സമദ് എന്നിവർ പങ്കെടുക്കും.
സ്കൂൾ യുവജനോത്സവ തരംഗിന്റെ ഗ്രാൻഡ് ഫിനാലെ നവംബർ 23നു ബുധനാഴ്ച വൈകുന്നേരം 6 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. നവംബർ 25നു വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന ഗാനമേള അരങ്ങേറും.
സ്റ്റാർ വിഷൻ ഇവന്റ് പാർട്ണറായ മെഗാ ഫെയറിന്റെ വിജയത്തിനായി വിപുലമായ പരിപാടികളാണ് സ്കൂൾ ഒരുക്കിയിരിക്കുന്നത്. പ്രവേശന ടിക്കറ്റിന്റെ അടിസ്ഥാനത്തിൽ സന്ദർശകർക്ക് വിവിധ സമ്മാനങ്ങൾ നേടാനുള്ള അവസരം ഉണ്ടായിരിക്കും. ഒന്നാം സമ്മാന ജേതാവിനു മിത്സുബിഷി എഎസ്എക്സ് കാറും രണ്ടാം സമ്മാനം നേടുന്നവർക്ക് എംജി 5 കാറും ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ അവതാരകരായ സയാനി മോട്ടോഴ്സ് സമ്മാനിക്കും.
ബിസിനസ് പ്രമുഖനായ ഷാനവാസ് പി കെ ജനറൽ കൺവീനറും മുഹമ്മദ് മാലിം രക്ഷാധികാരിയും വിപിൻ പിഎം കോ-ഓർഡിനേറ്ററുമായ സംഘാടക സമിതിയിൽ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികളും സമൂഹത്തിന്റെ നാനാതുറകളിലുള്ള നേതാക്കളും ഉൾപ്പെടുന്നു. മേളയുടെ വിജയത്തിനായി സഹകരിച്ച് പ്രവർത്തിക്കാൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ പ്രത്യേക കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചു വരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12000 വിദ്യാർത്ഥികൾ ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു. നിർധനരായ വിദ്യാർത്ഥികളെ സഹായിക്കുന്നതിനും ജീവനക്കാരുടെ ക്ഷേമത്തിനും വേണ്ടിയാണ് സ്കൂൾ മേള പ്രധാനമായും സംഘടിപ്പിക്കുന്നത്. ഒരു കമ്മ്യൂണിറ്റി സ്കൂൾ എന്ന നിലയിൽ, നിർദ്ധനരായ വിദ്യാർത്ഥികളെ അവരുടെ വിദ്യാഭ്യാസം തുടരാൻ സഹായിക്കേണ്ടത് സ്കൂളിന്റെ ഉത്തരവാദിത്തമാണ്. ഓരോ വർഷവും മേളയിൽ നിന്ന് ലഭിക്കുന്ന ഫണ്ട് വഴി അർഹരായ ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഫീസ് ഇളവ് നൽകുന്നുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം, 2019 മുതൽ സ്കൂളിന് മേള നടത്താൻ കഴിഞ്ഞിരുന്നില്ല. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം, മേളയിലെ സ്റ്റാൾ ബുക്കിംഗിന് മികച്ച പ്രതികരണമാണ് സ്കൂളിന് ലഭിക്കുന്നത്.