മനാമ: ഇന്ത്യൻ സ്കൂൾ ഉറുദു വകുപ്പ് നവംബർ 13-ന് ശനിയാഴ്ച ഉറുദു ദിനം ആഘോഷിച്ചു . സ്കൂൾ പ്രാർത്ഥനയോടും ദേശീയ ഗാനത്തോടെയുമാണ് പരിപാടി ആരംഭിച്ചത്. പത്താം ക്ലാസിലെ ഹൈഫ അബ്ദുൾ മജീദ് വിശുദ്ധ ഖുർആൻ പാരായണം ചെയ്തു.ഒമ്പതാം ക്ലാസിലെ ആയിഷ ഫാത്തിമ പരിഭാഷ നിർവഹിച്ചു.
ഉറുദു അധ്യാപിക മഹാനാസ് ഖാനാണ് ആമുഖം പ്രഭാഷണം നിർവഹിച്ചത്. വാരാന്ത്യ ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെ ആയിരുന്നു ഉറുദു ദിനം. നാല് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ നടന്നു. ഉറുദു കവിതാ പാരായണം, ഉറുദു കഥ പറയൽ, ഉറുദു പ്രസംഗം, ചിത്രരചന, കളറിംഗ് മത്സരങ്ങൾ എന്നിവ നടത്തി. മത്സരങ്ങൾക്ക് പുറമെ ദേശഭക്തി ഗാനം, ദേശീയ ഗാനം, “മുഷൈറ” തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ ഉണ്ടായിരുന്നു. വകുപ്പ് മേധാവി ബാബു ഖാൻ സ്വാഗതം പറഞ്ഞു. ഡ്രോയിംഗ്, കളറിംഗ്, ഉറുദു കവിതാ പാരായണം എന്നീ മത്സരങ്ങളിലെ വിജയികളുടെ പേര് പ്രഖ്യാപിച്ചു. പങ്കെടുത്തവരുടെ അതുല്യമായ പ്രകടനത്തെ അദ്ദേഹം അഭിനന്ദിച്ചു. അധ്യാപികമാരായ ശ്രീലത നായരും ശാലിനി മരീനയും ഉറുദു കഥപറയൽ, പ്രസംഗ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഉറുദു ദിന കമ്മിറ്റി അംഗങ്ങളായ മാല സിംഗ്, വഹീദാ ബീഗം, കഹ്കഷൻ ഖാൻ എന്നിവരും വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
മിഡിൽ വിഭാഗത്തിലെ പ്രധാന അധ്യാപിക പാർവതി ദേവദാസ് സമ്മാന ജേതാക്കളെ അനുമോദിച്ചു. ഹിന്ദി, ഉറുദു വിഭാഗം വിദ്യാർഥികളും അധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. ആറാം ക്ലാസിലെ ആയിഷ ജാവേദ് നന്ദി പറഞ്ഞു. വിജയികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പരിപാടിയിൽ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെയും അധ്യാപകരെയും സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി,അക്കാദമിക ചുമതലയുള്ള ഇസി അംഗം മുഹമ്മദ് ഖുർഷിദ് ആലം, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.