മനാമ: ഇന്ത്യൻ സ്കൂൾ ഉർദു ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉറുദു വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യാതിഥികളായി ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഉപദേശക സമിതി ചെയർമാൻ മുഹമ്മദ് മൻസൂർ , ഡോ. സയ്യിദ് റാസ( അവാലി ഹോസ്പിറ്റൽ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ്) എന്നിവർ പങ്കെടുത്തു. സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
മുഖ്യാതിഥി മുഹമ്മദ് മൻസൂർ തന്റെ പ്രസംഗത്തിൽ ഉർദു പണ്ഡിതരുടെ സംഭാവനകളെ എടുത്തുപറഞ്ഞു. ഉർദു ഭാഷയുടെ പ്രാധാന്യം എടുത്തുകാണിച്ച അദ്ദേഹം തങ്ങളുടെ കുട്ടികളെ ഭാഷ പഠിക്കാനും സംസാരിക്കാനും പ്രോത്സാഹിപ്പിക്കണമെന്ന് മാതാപിതാക്കളോട് അഭ്യർത്ഥിച്ചു.
ഉറുദു ദിനം ഗംഭീരമായി സംഘടിപ്പിച്ച ഇന്ത്യൻ സ്കൂൾ ഉറുദു വകുപ്പിനെയും മാനേജ്മെന്റിനെയും മൻസൂർ അഭിനന്ദിച്ചു. വർണ്ണാഭമായ ഉർദു ദിന പരിപാടികൾ സംഘടിപ്പിച്ച ഇന്ത്യൻ സ്കൂൾ ഉറുദു വകുപ്പിനെ ഡോ. സയ്യിദ് റാസ അഭിനന്ദിച്ചു.
നേരത്തെ ദേശീയ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. വകുപ്പ് മേധാവി ബാബു ഖാൻ സ്വാഗതം പറഞ്ഞു. ഈ ദിനം പ്രശസ്ത ഉർദു കവി അല്ലാമ ഇഖ്ബാലിന് സമർപ്പിതമായിരുന്നു.
ഉറുദു അധ്യാപിക മഹാനാസ് ഖാൻ ആമുഖ പ്രഭാഷണം നിർവഹിച്ചു. ആറ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ നടന്നിരുന്നു. ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലെയായിരുന്നു ഉർദു ദിനം. 4, 5 ക്ലാസുകളിൽ ചിത്രരചന, കളറിംഗ് മത്സരം, ആറാം ക്ലാസിൽ കവിതാ പാരായണം, 7, 8 ക്ലാസുകളിൽ കഥ പറയൽ, 9,10 ക്ലാസുകളിൽ പ്രസംഗം,ക്വിസ് എന്നിവ നടന്നു.
മുഹമ്മദ് ഖുർഷിദ് ആലം വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. ഉറുദു ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിന് നൽകിയ പിന്തുണക്ക് ചെയർമാൻ പ്രിൻസ് എസ് നടരാജനും പ്രിൻസിപ്പൽ വി ആർ പളനിസ്വാമിക്കും അദ്ദേഹം നന്ദി പറഞ്ഞു. ബാബു ഖാൻ മത്സര ഫലങ്ങൾ പ്രഖ്യാപിച്ചു. മുഹമ്മദ് നയാസ് ഉല്ല നന്ദി പറഞ്ഞു. പരിപാടിയിൽ ഉറുദു ദിന സംഘാടക സമിതി അംഗങ്ങളായ ശ്രീലത നായർ, മാലാ സിങ്, കഹ്കഷൻ ഖാൻ, ഷബ്രീൻ, വഹീദ, ഗിരിജ, നീത എന്നിവരും പങ്കെടുത്തു.