കൊച്ചി: വെണ്ണൂര്‍ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം തൃശ്ശൂര്‍ വെണ്ണൂര്‍ സഹകരണ ബാങ്ക് വാടകയ്ക്കെടുത്തതില്‍ ക്രമക്കേട് കണ്ടെത്തി സഹകരണ വിഭാഗം. അമ്പത്തിയാറ് മാസത്തെ വാടകയായി 5,04,000 രൂപ മുന്‍കൂറായി നല്‍കിയെങ്കിലും യാതൊരു പ്രവര്‍ത്തനങ്ങളും സ്ഥലത്ത് നടത്തിയിട്ടില്ലെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്. വെണ്ണൂര്‍ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം അമ്പത്തിയാറ് മാസത്തേക്ക് ബാങ്കിന്റെ ആവശ്യങ്ങള്‍ക്കായി ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുകയും 5,04,000 രൂപ ഇക്കാലയളവിലെ വാടകയായി മുന്‍കൂറായി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ സ്ഥലത്ത് യാതൊരു പ്രവര്‍ത്തനങ്ങളും നടത്താതെ പണം നഷ്ടപ്പെടുത്തിയതായാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍.
ഏതെങ്കിലും സാഹചര്യത്തില്‍ പദ്ധതി നടപ്പിലാക്കാതെവന്നാല് സംഘത്തിന്റെ പണം നഷ്ടമാകാതിരിക്കാനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തികൊണ്ട് കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍, സഹകരണ നിയമം ചട്ടം 47(ഡി), വ്യവസ്ഥ 47(6) എന്നിവ പ്രകാരം വീഴ്ചവരുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് വിശദമായ അന്വേഷണത്തിന് ജോയിന്റ് രജിസ്ട്രാര്‍ ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാരിന്റെ അനുമതിയോടുകൂടി ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകയ്ക്കെടുത്താണ് കൊപ്ര യൂണിറ്റ് തുടങ്ങാന്‍ ബാങ്ക് പദ്ധതിയിട്ടിരുന്നത്. തുടര്‍ന്നാണ് ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘത്തിന് ധാരണ പ്രകാരം മുന്‍കൂറായി 5,04,000 രൂപ വാടകയിനത്തില്‍ നല്‍കിയത്. എന്നാല്‍, പദ്ധതിക്ക് അനുമതി നല്‍കിയിട്ടും പ്രോജക്ടിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കായതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവെന്ന് വെണ്ണൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് പോളി ആന്റണി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ബാങ്കിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അഴിമതിയോ മറ്റ് ക്രമക്കേടുകളോ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.