
മനാമ: ബഹ്റൈനിലും മറ്റു ഗൾഫ് രാജ്യങ്ങളിലും അടുത്തിടെയുണ്ടായ ഇറാൻ്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്റൈനി കുടുംബങ്ങളും സ്ഥാപനങ്ങളും രാജ്യത്തിനും ദേശീയ ഐക്യത്തിനും നേതൃത്വത്തോടുള്ള വിശ്വസ്തതയ്ക്കും പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് പ്രസ്താവനകൾ പുറപ്പെടുവിച്ചതായി ബഹ്റൈൻ ന്യൂസ് ഏജൻസി (ബി.എൻ.എ) റിപ്പോർട്ട് ചെയ്തു. 500 കുടുംബങ്ങൾ, സാമൂഹ്യ നേതാക്കൾ, ബിസിനസുകാർ, കായിക- സാംസ്കാരിക ക്ലബ്ബുകൾ, സാമൂഹ്യ സംഘടനകൾ എന്നിവരാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രസ്താവനകൾ പുറപ്പെടുവിച്ചത്.
ശത്രുതാപരമായ ആക്രമണങ്ങളെ നേരിടാനും പ്രതികരിക്കാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നടപടികളിൽ അവർ വിശ്വാസം പ്രകടിപ്പിച്ചു.
പൊതു, സ്വകാര്യ സ്വത്തുക്കൾക്കെതിരായ ആക്രമണങ്ങളെ ചെറുക്കുന്നതിൽ ബഹ്റൈൻ പ്രതിരോധ സേനയുടെ സന്നദ്ധത, കാര്യക്ഷമത, ജാഗ്രത എന്നിവയെ അവർ അഭിനന്ദിച്ചു. ഈ ആക്രമണങ്ങൾ നല്ല അയൽപക്ക തത്വങ്ങൾ, മതപരമായ ബന്ധങ്ങൾ, പ്രാദേശിക സുരക്ഷ എന്നിവയുടെ ഗുരുതരമായ ലംഘനങ്ങളാണ്. ആക്രമണങ്ങളുടെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രാലയത്തെയും അതിന്റെ ജീവനക്കാരെയും അവരുടെ പ്രൊഫഷണലിസത്തെയും സമർപ്പണത്തെയും അവർ പ്രശംസിച്ചു.
രാജാവിന്റെ നേതൃത്വത്തിലും പ്രധാനമന്ത്രിയുടെ പിന്തുണയോടെയും ബഹ്റൈൻ സമാധാനം പ്രോത്സാഹിപ്പിക്കാനും പ്രാദേശിക, അന്തർദേശീയ സ്ഥിരത ശക്തിപ്പെടുത്താനും രാജ്യങ്ങൾക്കിടയിൽ പരസ്പര ബഹുമാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും തത്വങ്ങൾ ഉയർത്തിപ്പിടിക്കാനും തുടർന്നും പ്രവർത്തിക്കുമെന്ന് പ്രസ്താവനകളിൽ പറഞ്ഞു.


