
മനാമ: ബഹ്റൈന്റെ വൈദ്യുതി, ജല ഉല്പാദനം, പ്രക്ഷേപണം, വിതരണ സംവിധാനങ്ങള്‍ പൂര്‍ണ്ണ സജ്ജതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്ഥിരമായ വിതരണവും തടസ്സമില്ലാത്ത അവശ്യ സേവനങ്ങളും ഉറപ്പാക്കുന്നുണ്ടെന്നും വൈദ്യുതി, ജലകാര്യ മന്ത്രി യാസര്‍ ബിന്‍ ഇബ്രാഹിം ഹുമൈദാന്‍ അറിയിച്ചു.
അടുത്തിടെ ഇറാന് നടത്തിയ ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ച ഒരു ജലശുദ്ധീകരണ പ്ലാന്റ് സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രവര്‍ത്തന പ്രക്രിയകള്‍, ഉല്‍പ്പാദന സംവിധാനങ്ങള്‍, നിരീക്ഷണ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ എന്നിവയും സംഭവത്തിന്റെ ആഘാതം പരിഹരിക്കുന്നതിനും വിതരണ സ്ഥിരത നിലനിര്‍ത്തുന്നതിനും സ്വീകരിച്ച നടപടികളും മന്ത്രി അവലോകനം ചെയ്തു.
ജലവിതരണത്തെ ബാധിച്ചിട്ടില്ലെന്നും ഉല്പാദനം സാധാരണപോലെ തുടരുകയാണെന്നും പ്രത്യേക സാങ്കേതിക സംഘങ്ങള്‍ നാശനഷ്ടങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.


