ന്യൂഡൽഹി: വജ്രവ്യാപാരി മെഹുൽ ചോക്സിക്കെതിരായ റെഡ് കോർണർ നോട്ടീസ് പിൻവലിച്ച് ഇന്റർപോൾ. മെഹുൽ ചോക്സിയുടെ അപേക്ഷ പരിഗണിച്ചുകൊണ്ടാണ് നടപടി. ആന്റിഗ്വയിലുള്ള ചോക്സിക്ക് ഇപ്പോൾ ഏത് രാജ്യത്തേക്കും പോകാം. വിഷയത്തിൽ സി.ബി.ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കൈമാറ്റം, കീഴടങ്ങൽ മുതലായവ തീർപ്പാക്കാത്ത ഒരു വ്യക്തിയെ കണ്ടെത്താനും താൽക്കാലികമായി അറസ്റ്റ് ചെയ്യാനും ഇന്റർപോൾ പുറപ്പെടുവിക്കുന്ന ഏറ്റവും ഉയർന്ന മുന്നറിയിപ്പാണ് റെഡ് കോർണർ നോട്ടീസ്. 2018 ഡിസംബറിലാണ് സിബിഐയുടെ അഭ്യർത്ഥന പ്രകാരം ചോക്സിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.
പഞ്ചാബ് നാഷണൽ ബാങ്ക് ഉൾപ്പെടെയുള്ള ബാങ്കുകളിൽ നിന്ന് 13,500 കോടി രൂപ വായ്പയെടുത്താണ് മെഹുൽ ചോക്സിയും സഹോദരീപുത്രൻ നീരവ് മോദിയും രാജ്യം വിട്ടത്. കരീബിയൻ ദ്വീപ് രാജ്യമായ ആന്റിഗ്വയുടെ പൗരനായ ചോക്സിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും വിജയിച്ചിട്ടില്ല. റെഡ് കോർണർ നോട്ടീസ് പിൻവലിച്ചത് ചോക്സിയുടെ ഇന്ത്യയിലേക്കുള്ള മടക്കത്തിന് തടസ്സമാകില്ലെന്നാണ് സൂചന. ഇന്റർപോൾ നടപടിയെ ഇന്ത്യൻ ഏജൻസികൾ എതിർത്തെങ്കിലും ഇക്കാര്യത്തിൽ അനുകൂലമായ നടപടി സ്വീകരിച്ചില്ല.