എല്ലാ വർഷവും മാർച്ച് 8 ന് ആഘോഷിക്കുന്ന വനിതാ ദിനം ലോകമെമ്പാടുമുള്ള സ്ത്രീകൾ അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി നടത്തിയ ചരിത്രപരമായ യാത്രയുടെ പ്രതീകമാണ്. ഒരുപാട് നേട്ടങ്ങൾ കൈവരിക്കുമ്പോഴും യാത്ര ദൈർഘ്യമേറിയതാണെന്നും ഇനിയും വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നുമുള്ള ഓർമ്മപ്പെടുത്തലായിട്ടാണ് ഈ ദിനം കടന്നു വരുന്നത്.
1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച്, കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെട്ടു.

ഈ സമരാഗ്നി ലോകമാകെ പടരാൻ പിന്നീട് താമസമുണ്ടായില്ല. വരും വർഷങ്ങളിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകൾ അവരുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുവാൻ ഇത് നിമിത്തമായി. അമേരിക്കയിൽ അമേരിക്കൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ ആഹ്വാനപ്രകാരം 1909 ഫെബ്രുവരി 28 നാണ് ആദ്യവനിതാദിനാചരണം നടന്നത്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും ന്യൂയോർക്കിൽ തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ വനിതകളുടെ ഓർമക്കായിട്ടായിരുന്നു വനിതാദിനാചരണം.
അതിനെ തുടർന്ന് 1910 ൽ , കോപ്പൻഹേഗനിൽ നടന്ന രണ്ടാം സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ സമ്മേളനത്തിൽ വനിതാദിനം സാർവ്വദേശീയമായി ആചരിക്കണമെന്ന ആവശ്യമുയർന്നു. ജർമ്മനിയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വനിതാ വിഭാഗം അദ്ധ്യക്ഷയും പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് നേതാവുമായ ക്ലാര-സെട്കിൻ ആണ് ഇതിനു മുൻകൈ എടുത്തത്. അന്ന് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ പങ്കുവെക്കപ്പെട്ട ഈ ആശയത്തിന് അപ്പോൾത്തന്നെ അംഗീകാരം നൽകി. തുടർന്ന് തൊട്ടടുത്ത വർഷം, 1911 മാർച്ച് എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം പലരാജ്യങ്ങളിലും ആചരിച്ചു.
1857 ൽ ജർമ്മനിയിലെ വീഡെറാവിലാണ് സെറ്റ്കിൻ ജനിച്ചത്. അദ്ധ്യാപികയായി പരിശീലനം നേടിയ അവർ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയുമായി (എസ്പിഡി) ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു.
1880 കളിൽ, ജർമ്മൻ നേതാവ് ഓട്ടോ വോൺ ബിസ്മാർക്ക് സോഷ്യലിസ്റ്റ് വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കിയപ്പോൾ, സെറ്റ്കിൻ സ്വിറ്റ്സർലൻഡിലേക്കും ഫ്രാൻസിലേക്കും സ്വയം അടിച്ചേൽപ്പിക്കപ്പെട്ട പ്രവാസത്തിലേക്ക് പോകാൻ നിർബന്ധിതയായി. ഈ സമയത്ത്, അവർ നിരോധിത സാഹിത്യങ്ങൾ എഴുതി വിതരണം ചെയ്തു, അക്കാലത്തെ പ്രമുഖ സോഷ്യലിസ്റ്റുകളെ കണ്ടുമുട്ടി. സോഷ്യലിസ്റ്റ് ഇന്റർനാഷണലിന്റെ രൂപീകരണത്തിലും സെറ്റ്കിൻ ഒരു പ്രധാന പങ്ക് വഹിച്ചു.

ജർമ്മനിയിൽ തിരിച്ചെത്തിയപ്പോൾ, 1892 മുതൽ 1917 വരെ സ്ത്രീകൾക്ക് വേണ്ടിയുള്ള എസ്പിഡിയുടെ ദിനപത്രമായ ഡൈ ഗ്ലീച്ചൈറ്റിന്റെ (‘സമത്വം’) പത്രാധിപരായി. എസ്പിഡിയിൽ, സെറ്റ്കിൻ തീവ്ര ഇടതുപക്ഷ ചിന്തകയും വിപ്ലവകാരിയുമായ റോസ ലക്സംബർഗുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഇന്റർനാഷണൽ സോഷ്യലിസ്റ്റ് വിമൻസ് കോൺഗ്രസിന്റെ സഹസ്ഥാപകയായി മൂന്ന് വർഷത്തിന് ശേഷം 1910 ൽ നടന്ന സമ്മേളനത്തിൽ അവർ ഫെബ്രുവരി 28 ന് എല്ലാ രാജ്യങ്ങളിലും വനിതാദിനം ആഘോഷിക്കണമെന്ന് നിർദ്ദേശിച്ചു.

17 രാജ്യങ്ങളിൽ നിന്നുള്ള 100 വനിതകൾ ഉൾപ്പെടുന്ന സമ്മേളനത്തിൽ യൂണിയനുകൾ, സോഷ്യലിസ്റ്റ് പാർട്ടികൾ, വർക്കിംഗ് വിമൻസ് ക്ലബ്ബുകൾ എന്നിവയിൽ നിന്നുള്ള പ്രതിനിധികളും വനിതാ നിയമസഭാംഗങ്ങളും പങ്കെടുത്തിരുന്നു. വനിതാ ദിനാചരണമെന്ന നിർദേശം അവർ ഏകകണ്ഠമായി അംഗീകരിച്ചു. 1911 ൽ ആദ്യമായി വനിതാ ദിനം ആചരിച്ചു. രണ്ട് വർഷത്തിന് ശേഷം, 1913 ൽ തീയതി മാർച്ച് 8 ലേക്ക് ദിനാചരണം മാറ്റി. ഇപ്പോഴും ആ ദിനത്തിൽ തന്നെ എല്ലാ വർഷവും വനിതാദിനം ആഘോഷിക്കുന്നത് തുടരുന്നു.
