മനാമ: 146 ാമത് ഇൻറർനാഷനൽ പാർലമെൻറ് സമ്മേളനത്തിന് ബഹ്റൈനിൽ തുടക്കമായി. സഖീറിലെ എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാനായി 143 രാജ്യങ്ങളിൽ നിന്നുള്ള 1,700-ലധികം പ്രതിനിധികളാണ് എത്തിയിരിക്കുന്നത്. ബഹ്റൈൻ പാർലിമെന്റാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ പാർലമെൻറ് സമ്മേളനത്തിനാണ് ബഹ്റൈൻ ഇതാദ്യമായി വേദിയാവുന്നത്.
സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുക, അസഹിഷ്ണുതയ്ക്കെതിരെ പോരാടുക എന്നീ വിഷയങ്ങളിലാണ് സമ്മേളനം നടക്കുന്നത്. മാർച്ച് 15 വരെ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പാർലമെൻറ് അധ്യക്ഷൻമാരും പ്രതിനിധി സംഘങ്ങളും പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നും നിരവധി എംപിമാർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ലോകസഭ സ്പീകർ ഓം ബിർളയുടെ നേതൃത്വത്തിലാണ് ഇവർ ബഹ്റൈനിലെത്തിയിരിക്കുന്നത്. ഇദ്ദേഹത്തിനും സംഘത്തിനും ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പൊതുസ്വീകരണവും നൽകിയിരുന്നു.