
മനാമ: നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഫോർ ഹ്യൂമൻ റൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ബദൽ ഉപരോധങ്ങളേയും നിയമ നടപടികളേയും കുറിച്ച് അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന സമ്മേളനത്തിൽ ബഹ്റൈനിൽ നിന്നും വിദേശത്തു നിന്നുമുള്ള 300-ലധികം പേർ പങ്കെടുത്തു. സമ്മേളനത്തിൽ ബദൽ ശിക്ഷാരീതിയെക്കുറിച്ചും ക്രിമിനൽ നിയമനിർമ്മാണത്തിൽ ഗുണപരമായ അനുഭവങ്ങളെ കുറിച്ചും ചർച്ച ചെയ്തു.
ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർക്കായി നടപ്പാക്കിയ ബദൽ ശിക്ഷാ സമ്പ്രദായത്തിന് നാലു വർഷം മുമ്പാണ് ബഹ്റൈനിൽ തുടക്കം കുറിച്ചത്. ഇതിനോടകം 4000ത്തിലധികം പേർ ബദൽ ശിക്ഷാരീതി പ്രയോജനപ്പെടുത്തിയതായി സമ്മേളനത്തിൽ പങ്കെടുത്ത നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സ് (എൻ.ഐ.എച്ച്.ആർ) ചെയർമാൻ അലി അൽ ദെരാസി വ്യക്തമാക്കി. ഭാവിയിൽ കൂടുതൽ പേർക്ക് പ്രയോജനപ്പെടുന്ന രീതിയിൽ ഇത് വിപുലപ്പെടുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബദൽ ശിക്ഷാരീതി ഫലപ്രദമായി നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെക്കൂടി പങ്കാളികളാക്കുന്നതിന് എൻ.ഐ.എച്ച്.ആർ പദ്ധതി ആവിഷ്കരിച്ചതായി ചെയർമാൻ പറഞ്ഞു.
ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റി പുതിയൊരു ജീവിതത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഹ്റൈനിൽ ബദൽ ശിക്ഷാരീതി നടപ്പാക്കിയത്. ബദൽ നടപടികളിൽ നിന്നും തുറന്ന ജയിലുകളിൽ നിന്നും പ്രയോജനം നേടുന്നതിനുള്ള നിലവിലുള്ള നിയമ വ്യവസ്ഥകളെയും നിയന്ത്രണങ്ങളെയും കുറിച്ച് നവീകരണ, പുനരധിവാസ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കിടയിൽ അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്തു. ഔദ്യോഗിക സ്ഥാപനങ്ങൾ, കമ്പനികൾ, സ്വകാര്യ സ്ഥാപനങ്ങൾ, എൻജിഒകൾ, മനുഷ്യാവകാശ വക്താക്കൾ എന്നിവരെ ബദൽ ശിക്ഷാ വ്യവസ്ഥകളുടെയും തുറന്ന ജയിൽ സംവിധാനങ്ങളുടെയും നേട്ടങ്ങളെക്കുറിച്ച് അവബോധം വളർത്തേണ്ടതിന്റെ പ്രാധാന്യവും ഊന്നിപ്പറഞ്ഞു.
ഇതുവരെ നിയമം നടപ്പാക്കാത്ത രാജ്യങ്ങളിൽ ബദൽ ശിക്ഷാരീതിക്കായി ഒരു നിയമം കൊണ്ടുവരാനും ബദൽ ശിക്ഷ അനുഭവിക്കുമ്പോൾ കുറ്റവാളികളെ തവണകളായി അടയ്ക്കാൻ അനുവദിക്കുന്ന നിയമ ഭേദഗതിയും സമ്മേളനം ആവശ്യപ്പെട്ടു.
