
മനാമ: മദ്ധ്യപൗരസ്ത്യ മേഖലയിൽ സംഘർഷങ്ങൾ അപകടകരമാംവിധം വർദ്ധിക്കുകയും വ്യാപിക്കുകയും ചെയ്യുന്ന അസാധാരണമായ സാഹചര്യത്തിൽ എല്ലാവരും ദേശീയൈക്യം ഉയർത്തിപ്പിടിക്കണമെന്നും ജാഗ്രതയും അവബോധവും പാലിക്കണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫ അഭ്യർത്ഥിച്ചു.
ബഹ്റൈൻ സമൂഹം എക്കാലവും മൂല്യങ്ങൾ പാലിച്ച് പ്രയാസങ്ങളെയും വെല്ലുവിളികളെയും അതിജീവിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞു. പ്രതിസന്ധി ഘട്ടങ്ങളിൽ ബഹ്റൈൻ പൗരർ രാജ്യത്തിൻ്റെ സുസ്ഥിരതയിൽ പങ്കാളികളായി സുരക്ഷയും പൊതു ക്രമവും സംരക്ഷിക്കുന്നതിൽ ഉത്തരവാദിത്തം പ്രകടിപ്പിക്കുന്നുണ്ട്.
ഈ നിർണായക കാലഘട്ടത്തിൽ ഐക്യവും ഉയർന്ന ഉത്തരവാദിത്ത ബോധവും അനിവാര്യമാണ്. ദേശീയ വിശ്വസ്തത എന്നത് മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്ക് വിധേയമായി സംസാരിക്കുന്ന വാക്കുകളല്ലെന്നും തലമുറകളിലൂടെ കടന്നുപോകുന്ന, ആഴത്തിൽ വേരൂന്നിയ മൂല്യമാണെന്നും അദ്ദേഹം പറഞ്ഞു.