തിരുവനന്തപുരം: ഇന്നസെന്റിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഇന്നസെന്റ് മഹാനായ കലാകാരനും സാമൂഹിക പ്രതിബദ്ധതയുള്ള പൊതുപ്രവർത്തകനുമായിരുന്നെന്ന് ധനമന്ത്രി അനുസ്മരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ശക്തനായ സഹയാത്രികനും വക്താവുമായിരുന്നു അദ്ദേഹം. ലോക്സഭാ അംഗമെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
ഒരേ കാലയളവിൽ ഇന്നസെന്റിനൊപ്പം എം.പിയാകാൻ കഴിഞ്ഞപ്പോഴാണ് അദ്ദേഹവുമായി കൂടുതൽ അടുക്കുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട് വളരെ നല്ല ഓർമ്മകളുണ്ട്. നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയുടെ ഭാഗമായ ഇന്നസെന്റ് ഏറെക്കാലം താരസംഘടനയായ അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
ആത്മവിശ്വാസത്തോടെ ക്യാൻസറിനെ അതിജീവിച്ച ഇന്നസെന്റ് രോഗം ബാധിച്ച എല്ലാവർക്കും പ്രചോദനമായിരുന്നു. മലയാള സിനിമയിലെ ഏറ്റവും മികച്ച നടൻമാരിലൊരാളായ ഇന്നസെന്റിന്റെ വിയോഗം വലിയ ശൂന്യതയാണ് അവശേഷിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നതായും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി പറഞ്ഞു.