മനാമ: ഐ.എൻ.എസ് കൊച്ചി ഇന്നലെ മിന സൽമാൻ തുറമുഖത്ത് സന്ദർശനത്തിനെത്തി. ഇന്ത്യ-ബഹ്റൈൻ നയതന്ത്ര ബന്ധത്തിൻറെ 50ാം വാർഷികത്തിൻറെയും ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യദിനാഘാഷത്തിൻറെയും ഭാഗമായിട്ടാണ് സന്ദർശനം. ഐ.എൻ.എസ് കൊച്ചിയുടെ രണ്ടാമത്തെ ബഹ്റൈൻ സന്ദർശനമാണിത്. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവ കപ്പലിലെ ക്യാപ്റ്റനേയും ഓഫിസർമാരെയും നാവികരെയും സ്വീകരിച്ചു.
ഇന്ത്യൻ നാവികസേനയുടെ അത്യാധുനിക യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. കൊച്ചി. തദ്ദേശീയമായി നിർമിച്ച ‘കൊൽക്കത്ത’ വിഭാഗത്തിലെ രണ്ടാമത്തെ ഗൈഡഡ് മിസൈൽ നശീകരണ കപ്പലായ ഐ.എൻ.എസ് കൊച്ചി കടൽയുദ്ധത്തിൽ അതി പ്രഹരശേഷിയുള്ളതാണ്. ആയുധങ്ങൾ കണ്ടെത്താനുള്ള അത്യാധുനിക സെൻസറും കപ്പലിലുണ്ട്. ബ്രഹ്മോസ് പോലുള്ള ശക്തമായ മിസൈലുകളെ വിക്ഷേപിക്കുവാൻ തക്ക ശേഷിയുള്ള ഈ യുദ്ധക്കപ്പൽ വാർത്താവിനിമയത്തിലും പ്രഹരശേഷിയിലും സുരക്ഷയിലും ലോകോത്തര നിലവാരം പുലർത്തുന്നു. വിദൂര കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ശേഷിയുളളതാണ് മിസൈൽ. ഇതുവരെ ഇന്ത്യയിൽ വച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള യുദ്ധക്കപ്പലുകളിൽ ഏറ്റവും വലുതാണ് ഐ.എൻ.എസ്. കൊച്ചി.

മുംബൈയിലെ മസ്ഗാവ് ഡോക്ക് ഷിപ്പ് ലിമിറ്റഡാണ് കപ്പൽ നിർമ്മിച്ചത്. നാവികസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡയറക്ടറേറ്റ് ഓഫ് നേവൽ ഡിസൈനാണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയത്. 2015 സെപ്റ്റംബർ 30-ന് മുംബൈ ഡോക്ക്യാർഡിൽ വച്ചാണ് കപ്പലിന്റെ കമ്മീഷനിങ് നടത്തിയത്. ഇന്ത്യയിലെ തന്ത്രപ്രധാനമായ തുറമുഖങ്ങളിലൊന്നായ കൊച്ചിയുടെ പാരമ്പര്യവും സംസ്കാരവും, സമുദ്ര തീരത്തിന്റെ സവിശേഷതകളും പരിഗണിച്ചുകൊണ്ടാണ് കപ്പലിന് ‘കൊച്ചി’ എന്ന പേരു നൽകിയത്. കേരളത്തിന്റെ ചുണ്ടൻ വള്ളവും വാളും പരിചയുമാണ് ഇതിൽ ആലേഖനം ചെയ്തിട്ടുള്ള മുദ്ര.

65 ഓഫിസർമാരും 300 നാവികരും അടങ്ങുന്ന കപ്പലിനെ ഇപ്പോൾ നയിക്കുന്നത് ക്യാപ്റ്റൻ സച്ചിൻ സെക്വേരയാണ്. ബഹ്റൈൻ സന്ദർശനത്തിനു മുമ്പ് അബൂദബി, യു.എ.ഇ, സൗദി അറേബ്യയിലെ അൽ ജുബൈൽ എന്നിവിടങ്ങളിലെ തുറമുഖങ്ങളിലും കപ്പൽ സന്ദർശനം നടത്തിയിട്ടുണ്ട്. ഇന്ത്യയും ബഹ്റൈനും തമ്മിലെ സൗഹൃദ ബന്ധങ്ങളുടെ ഭാഗമായി ഇന്ത്യൻ നാവിക കപ്പലുകൾ ഇടക്കിടെ ബഹ്റൈൻ സന്ദർശിക്കാറുണ്ട്.
