കോഴിക്കോട്: സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടപ്പെട്ടത് മതേതര ചേരിയുടെ കരുത്തനായ അമരക്കാരനെയാണെന്ന് ഐ എൻ എൻ സംസ്ഥാന കമ്മിറ്റി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പ് രൂപം കൊണ്ട ഇന്ത്യാ മുന്നണിയടക്കം രാജ്യത്ത് ഉടലെടുത്ത മതേതര കൂട്ടായ്മകളുടെ നേതൃസ്ഥാനത്തെല്ലാം യെച്ചൂരി ഉണ്ടായിരുന്നു. ഇത്തരം കൂട്ടായ്മകളുടെയും ഐക്യത്തിൻ്റെയും വക്താവായിട്ടാണ് അദ്ദേഹം ജീവിച്ചതും തൻ്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് ഉരുവം കൊടുത്തതും. ഹിന്ദുത്വ പ്രതിനിധാനം ചെയ്യുന്ന വർഗീയ ഫാസിസത്തോട് സന്ധിയില്ലാ പോരാട്ടം നടത്തിയ മറ്റൊരു ദേശീയ നേതാവിനെ നമ്മുടെ കാലഘട്ടത്തിൽ കാണാൻ കഴിയില്ല. ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിൻ്റെ പ്രസക്തി ജീവിതത്തിലൂടെയും കാഴ്ചപ്പാടിലൂടെയും കാണിച്ചു കൊടുത്ത ആത്മാർത്ഥതയുള്ള പോരാളിയായിരുന്നു അദ്ദേഹം. ഇന്ത്യൻ നാഷണൽ ലീഗിൻ്റെ അഭ്യൂദയകാംക്ഷിയും മാർഗദർശിയുമായിരുന്നു അദ്ദേഹം. തൻ്റെ മുൻഗാമി ഹർകിഷൻ സിംഗ് സുർജിത് ഐ എൻ എൽ സ്ഥാപകൻ സുലൈമാൻ സേട്ട് സാഹിബിന് നൽകിയ എല്ലാ പ്രോത്സാഹനവും പിന്തുണയും യച്ചൂരിയും തുടർന്ന് നൽകി പോന്നു. കേരളത്തിലേതുപോലെ ദേശീയ തലത്തിലും ഐ എൻ എല്ലും സി പി എമ്മും യോജിച്ച് പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ച നേതാവായിരുന്നു അദ്ദേഹം. സി പി എമ്മിനും ഇടതുപക്ഷത്തിനും മാത്രമല്ല ഐ എൻ എല്ലിനും തീരാ നഷ്ടമാണ് യെച്ചൂരിയുടെ വിയോഗമെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവർകോവിലും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
