
മനാമ: ഉന്നത വിദ്യാഭ്യാസ കൗൺസിൽ (എച്ച്ഇസി) സെക്രട്ടറി ജനറൽ ഡോ. ഷൈഖ റാണ ബിന്റ്. ഇസ അൽ ഖലീഫ, “ഇൻജാസ് കരിയർ എക്സ്പോ”യുടെ ആദ്യ പതിപ്പ് ഉദ്ഘാടനം ചെയ്തു. ബഹ്റൈൻ യുവാക്കളെ ശാക്തീകരിക്കുകയും ഭാവിയിൽ വിജയകരമായ ഒരു കരിയർ സ്വന്തമാക്കാൻ അവരെ സജ്ജമാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് കരിയർ എക്സ്പോ സംഘടിപ്പിക്കുന്നത്. ഫോട്ടോഗ്രാഫി, കെമിക്കൽ എഞ്ചിനീയറിംഗ്, ബഹിരാകാശ ശാസ്ത്രം, ഡിസൈൻ ആൻഡ് ഗോൾഡ്സ്മിത്തിംഗ്, സിവിൽ ഡിഫൻസ്, ഇന്റീരിയർ ഡിസൈനും ഡെക്കറേഷനും, ഡിറ്റക്ടീവുകളും ഫോറൻസിക്സും എന്നിങ്ങനെ ഏഴ് പ്രൊഫഷണൽ മേഖലകളെക്കുറിച്ച് അറിയാൻ ആയിരത്തിലധികം പ്രൈമറി, ഇന്റർമീഡിയറ്റ് വിദ്യാർത്ഥികൾക്ക് എക്സ്പോ അവസരം നൽകുന്നു. വിദ്യാർത്ഥികൾ, കരിയർ കൺസൾട്ടന്റുമാർ, ബിസിനസ്സ് നേതാക്കൾ എന്നിവരുൾപ്പെടെ മൂവായിരത്തിലധികം ആളുകളെ ഒരു കുടക്കീഴിൽ ഒരുമിപ്പിക്കുന്ന കരിയർ എക്സ്പോയിൽ 25-ലധികം കമ്പനികളും 13 സർവകലാശാലകളും പങ്കെടുക്കും.


