മനാമ: ബഹ്റൈൻ ഫിലിം ഫെസ്റ്റിവലിന്റെ മൂന്നാം പതിപ്പിന് തുടക്കമായി. വാർത്താവിതരണ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നൊയ്മി ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്തു. “ചലച്ചിത്ര നിർമ്മാണ കലയെ ആഘോഷിക്കുന്നു” എന്ന പ്രമേയത്തിന് കീഴിൽ ബഹ്റൈൻ സിനിമാ ക്ലബ് ആണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. മുതിർന്ന ഉദ്യോഗസ്ഥരുടെയും മാധ്യമപ്രവർത്തകരുടെയും കലാകാരന്മാരുടെയും ഗൾഫ് സഹകരണ കൗൺസിലിലും (ജിസിസി) അറബ് രാജ്യങ്ങളിലും നിന്നുള്ള ഒരു കൂട്ടം സിനിമാതാരങ്ങളുടെയും സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.
സർഗ്ഗാത്മക സമ്പദ്വ്യവസ്ഥയുടെ വാഗ്ദാനമായ മേഖലകളിലൊന്നാണ് സിനിമയെന്നും അതിന് അറിവ് നൽകേണ്ടതും വിശിഷ്ട കഴിവുള്ള ബഹ്റൈനികളെ ശാക്തീകരിക്കേണ്ടതും ആവശ്യമാണെന്നും വാർത്താവിതരണ മന്ത്രി ഡോ.റംസാൻ ബിൻ അബ്ദുല്ല അൽ നൊയ്മി പറഞ്ഞു. രാജ്യത്തിന്റെ സംസ്കാരം, സ്വത്വം, ചരിത്ര പൈതൃകം എന്നിവ പ്രതിഫലിപ്പിക്കുന്ന സിനിമകൾ ഉണ്ടാകണം. സിനിമ വ്യവസായവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും അറിവുകൾ കൂടുതൽ നേടാൻ ഫെസ്റ്റിവൽ സഹായകമാകും.
രാജ്യത്ത് സിനിമ അവതരിപ്പിച്ച് 100 വർഷങ്ങൾക്ക് ശേഷമാണ് ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ 2023 നടക്കുന്നത്. മേഖലയിലെ ചലച്ചിത്രമേളകളുടെ ഭൂപടത്തിൽ രാജ്യത്തെ ഇടംപിടിക്കുക, ദേശീയ മൂല്യങ്ങളും പൈതൃകവും പ്രചരിപ്പിക്കുന്നതിൽ സിനിമയുടെ പങ്ക് സംരക്ഷിക്കുക, ബഹ്റൈന്റെ സന്ദേശവും സംസ്കാരവും ലോകത്തെ എല്ലാ രാജ്യങ്ങളിലും എത്തിക്കുക എന്നിവയാണ് ഈ വർഷത്തെ പതിപ്പിന്റെ ലക്ഷ്യമെന്ന് ഡോ. അൽ നോയ്മി കൂട്ടിച്ചേർത്തു.
19 സിനിമകൾ മത്സരിക്കുന്ന ബഹ്റൈൻ ചലച്ചിത്ര മത്സരം, 76 സിനിമകൾ മത്സരിക്കുന്ന ഹ്രസ്വ വിവരണ ചിത്രങ്ങൾ, 15 സിനിമകൾ മത്സരിക്കുന്ന ഡോക്യുമെന്ററി സിനിമകൾ, 6 സിനിമകൾ മത്സരിക്കുന്ന ആനിമേഷൻ ഫിലിം മത്സരം എന്നിങ്ങനെ മേളയുടെ നാല് വിഭാഗങ്ങളിലായി 117 അറബ് ഷോർട്ട് ഫിലിമുകളാണ് പങ്കെടുക്കുന്നത്.
സിനിമാ വ്യവസായത്തിന് നൽകിയ സുപ്രധാന സംഭാവനകൾക്ക് ബഹ്റൈൻ സംവിധായകൻ ബസ്സാം അൽ തവാദി, ബഹ്റൈൻ സിനിമകളിലെ തുടർച്ചയായ പങ്കാളിത്തത്തിന് ബഹ്റൈൻ നടി ഷഫീക്ക യൂസിഫ്, തിയേറ്റർ, ടെലിവിഷൻ, സിനിമ എന്നിവയിലെ 40 വർഷത്തെ കരിയറിന് ഈജിപ്ഷ്യൻ താരം ഹാല സെഡ്കി എന്നീ ബഹ്റൈൻ, അറബ് കലാകാരന്മാരെയും ചലച്ചിത്ര പ്രവർത്തകരെയും ചടങ്ങിൽ ഇൻഫർമേഷൻ മന്ത്രി ആദരിച്ചു.
ഒക്ടോബർ 9 വരെ നീണ്ടുനിൽക്കുന്ന ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ ബിയോൺ, നാഷണൽ ബാങ്ക് ഓഫ് ബഹ്റൈൻ എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടക്കുക.