തിരുവനന്തപുരം: വിലക്കയറ്റം ദേശീയ പ്രതിഭാസമാണെന്നും വിപണിയിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി.ആർ അനിൽ. പൊതുവിതരണസമ്പ്രദായത്തിന്റെ തകര്‍ച്ചയും വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജപ്പെട്ടതും മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടും ആശങ്കയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന ടിവി ഇബ്രാഹിം എംഎല്‍എയുടെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. പച്ചക്കറി വിലയെ കുറിച്ച് പ്രതിപക്ഷ എം.എൽ.എമാർക്ക് എന്തെങ്കിലും ധാരണയുണ്ടോയെന്നും മന്ത്രി ചോദിച്ചു.
മാർക്കറ്റിനെക്കുറിച്ച് ഒന്നും അറിയാതെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ഇന്നത്തെ തക്കാളിയുടെ വില പ്രതിപക്ഷത്തിന് അറിയാമോ. കോൺഗ്രസാണ് രാജ്യത്തെ ഈ അവസ്ഥയിലേക്ക് എത്തിച്ചത്. പ്രതിപക്ഷം പഴയ രീതിയിൽ ചിന്തിക്കരുത്. ഇന്ത്യയിൽ വേറെ എവിടെയാണ് ഇങ്ങനെയൊരു പൊതുവിതരണ സമ്പ്രദായമെന്നും മന്ത്രി ചോദിച്ചു. വില ഉയർന്നിട്ടില്ലെന്നത് മന്ത്രി പറഞ്ഞ തമാശ. ഇതിനുള്ള ധൈര്യം എങ്ങനെ കിട്ടിയെന്നാണ് അതിശയമെന്ന് ടി.വി എബ്രാഹം എംഎല്‍എ പറഞ്ഞു.

