മനാമ: ബഹ്റൈൻ ഹലാൽ എക്സ്പോ 2024ന് തുടക്കമായി. ബഹ്റൈനിലെ ആദ്യ ഹലാൽ എക്സ്പോ വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദേൽ ഫഖ്റോ ഉദ്ഘാടനം ചെയ്തു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടക്കുന്ന എക്സ്പോ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഇസ്ലാമിക് സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്. ഹലാൽ ഉൽപന്നങ്ങൾക്ക് പ്രോത്സാഹനം നൽകാനും വിപണി കണ്ടെത്താനുമുദ്ദേശിച്ചാണ് ഇതാദ്യമായി ഇത്തരമൊരു എക്സ്പോ രാജ്യത്ത് ഒരുക്കുന്നത്. ബഹ്റൈന് അകത്തും പുറത്തുനിന്നുമായി 50 ഓളം കമ്പനികൾ എക്സ്പോയിൽ പങ്കാളികളാകും.
ഹലാൽ ഉൽപന്നങ്ങളുടെ നിർമാണവും അതിനുള്ള ഇസ്ലാമിക് ബാങ്കിങ് പിന്തുണയും നിക്ഷേപ സാഹചര്യങ്ങളും അവസരങ്ങളും രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ഫോറത്തിൽ ചർച്ച ചെയ്യും. കാർഷികോൽപാദനം, മാംസോൽപാദനം, മെഡിക്കൽ, സൗന്ദര്യ വർധക വസ്തുക്കളുടെ നിർമാണം, ടൂറിസം, ട്രാവൽ മേഖലയിലെ സേവനങ്ങൾ തുടങ്ങി വിവിധ മേഖലകളിലെ ഹലാൽ ഇടങ്ങളെക്കുറിച്ചും ചർച്ച നടക്കും. വ്യവസായം നേരിടുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനുള്ള ഒരു വേദിയാണ് ബഹ്റൈൻ ഹലാൽ എക്സ്പോ. ഹലാൽ ഉൽപന്നങ്ങളുടെ ഉൽപാദനവും മാർക്കറ്റിങ്ങും ഇസ്ലാമിക ലോൺ സഹായമടക്കമുള്ള പരസ്പര സഹകരണത്തിന്റെ മേഖലകളും.എക്സ്പോയിൽ ചർച്ച ചെയ്യും.