ജക്കാര്‍ത്ത: ഇന്തൊനേഷ്യന്‍ വിമാനം ശ്രീവിജയ എയറിന്റെ ബോയിങ് വിമാനം ആകാശത്ത് വെച്ച് കാണാതായി. അന്‍പതിലേറെ യാത്രക്കാരുണ്ടായിരുന്നു. രാജ്യതലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്നു പുറപ്പെട്ട് ഏതാനും സമയത്തിനുള്ളിലാണു വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായത്. വിമാനം വെസ്റ്റ് കലിമന്താന്‍ പ്രവിശ്യയിലേക്കു പോകുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 10,000ലേറെ അടി ഉയരത്തില്‍ വച്ചാണു ബോയിങ് കാണാതായതെന്നു ഫ്ലൈറ്റ് റഡാര്‍ 24 ട്വിറ്ററില്‍ അറിയിച്ചു. ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനുറ്റുകള്‍ക്കുള്ളിലാണു സംഭവം.
ഉച്ചക്ക് 1.56ഓടെ പറന്നുയർന്ന് നാല് മിനിറ്റിനകം വിമാനത്തിൽ നിന്ന് സിഗ്നൽ ലഭിക്കാതായി. വിമാനത്തിനായി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. ഉച്ച2.40നാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്ന് വ്യോമഗതാഗത മന്ത്രാലയ വക്താവ് അദിത ഐരാവതി വ്യക്തമാക്കി. മിനിറ്റോളം വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് കുത്തനെ താഴേക്ക് പറന്നതായാണ് ഫ്ലൈറ്റ് ട്രാക്കിങ് ഡാറ്റകൾ നൽകുന്ന വിവരം.
വിമാനം കടലിൽ തകർന്നുവീണുവോയെന്ന് ഭയക്കുന്നതായി ഇന്തൊനേഷ്യൻ ഗതാഗത മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. കടലിൽ ചില അവശിഷ്ടങ്ങൾ കണ്ടെത്തിയതായും എന്നാൽ ഇത് കാണാതായ വിമാനത്തിന്റെതാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നും തെരച്ചിലിന് നേതൃത്വം നൽകുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. വിമാനത്തിന് 27 വര്‍ഷം പഴക്കമുണ്ട്.