കോഴിക്കോട്: ചലച്ചിത്ര അക്കാദമി അദ്ധ്യക്ഷൻ രഞ്ജിത്ത് രാജിവെച്ചേക്കുമെന്ന് സൂചന. രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിൽ പ്രതിഷേധം കനത്തതോടെ കോഴിക്കോട് ചാലപ്പുറത്തെ രഞ്ജിത്തിന്റെ വീടിനു മുന്നിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
അറസ്റ്റ് ആവശ്യപ്പെട്ട് രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ രഞ്ജിത്തിന്റെ വസതിക്കു മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധം കടുക്കാൻ സാധ്യതയുള്ളതിനാലാണു വീടിന് സുരക്ഷ ഏർപ്പെടുത്തിയത്.
പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജിവച്ചേക്കുമെന്ന സൂചനയുണ്ടായത്. ഔദ്യോഗിക വാഹനത്തിലെ ബോർഡ് ഊരിമാറ്റിയാണ് വയനാട്ടില്‍നിന്ന് കോഴിക്കോട്ടെ വസതിയിലേക്ക് രഞ്ജിത്ത് ഇന്നു മടങ്ങിയത്. ഇതോടെയാണ് രാജി സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചത്.
സിനിമയിലഭിനയിക്കാൻ വിളിച്ചുവരുത്തി തന്നോട് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും നടി ആരോപിച്ചിരുന്നു. കഴുത്തിൽ സ്പർശിക്കാൻ ശ്രമിച്ചതോടെ മുറിയിൽനിന്നിറങ്ങി. തുടർന്ന് സിനിമയിൽ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ അതിലേക്കുള്ള സൂചനകൾ നൽകുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.