കൊല്ലം: കൊല്ലത്ത് മനുഷ്യക്കടത്തിനായി മത്സ്യബന്ധന ബോട്ട് വാങ്ങിയതായി സൂചന. സംഭവത്തിൽ ശ്രീലങ്കൻ തമിഴരെ കേന്ദ്രീകരിച്ച് തമിഴ്നാട് ക്യൂബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികളും ഇക്കാര്യത്തിൽ അന്വേഷണം തുടങ്ങിയതായാണ് വിവരം. ബോട്ടുടമകളായ ചിലർ ക്യൂബ്രാഞ്ച് സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും അന്വേഷണ സംഘവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു.
രാമേശ്വരം സ്വദേശിക്ക് വേണ്ടി 50 ലക്ഷം രൂപയുടെ ബോട്ട് ശക്തികുളങ്ങരയിൽ നിന്നും വാങ്ങിയത് കുളത്തൂപ്പുഴ സ്വദേശികളാണെന്ന് ക്യൂബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ക്യൂബ്രാഞ്ച് സംഘം കുളത്തൂപ്പുഴയിലും ശക്തികളങ്ങരയിലും എത്തി വിവരങ്ങൾ ശേഖരിച്ചു. കേരള തീരത്ത് ജാഗ്രത പാലിക്കാൻ ക്യൂബ്രാഞ്ച് കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറിയിട്ടുണ്ട്.
രാമേശ്വരത്ത് ശ്രീലങ്കർ വംശജർ താമസിക്കുന്ന മണ്ഡപം ക്യാമ്പ്, മധുര, സേലം തുടങ്ങി നാല് ക്യാമ്പുകളിൽ നിന്ന് നിരവധി കുടുംബങ്ങളെ കാണാതായ സംഭവത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മനുഷ്യകടത്താകാമെന്ന നിഗമനത്തിലേക്ക് ക്യൂബ്രാഞ്ച് എത്തിയത്. നേരത്തെയും ശക്തികുളങ്ങരയിൽ നിന്ന് മനുഷ്യകടത്തിന് ബോട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
