ഹൈദരാബാദ്: ഇന്ത്യയിലെ ആദ്യത്തെ ഇൻഡോർ സ്കൈഡൈവിംഗ് ഹൈദരാബാദിലെ ഗണ്ടിപേട്ടിൽ ആരംഭിച്ചു. ഗ്രാവിറ്റിസിപ്പ് എന്ന കമ്പനിയാണ് രാജ്യത്തെ ആദ്യ ഇൻഡോർ സ്കൈഡൈവിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പ്രത്യേകമായി ഒരുക്കിയ സിലിണ്ടർ ടണലിൽ വെച്ചാണ് സ്കൈഡൈവിങ്ങിന്റെ അനുഭവം ആസ്വദിക്കാനാവുക. കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ഡൈവിങ്ങിനുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. 2000 മുതൽ 3000 രൂപ വരെയാണ് നിരക്ക്.
സുരക്ഷിതവും അടച്ചതും നിയന്ത്രിതവുമായ അന്തരീക്ഷത്തിലാണ് സ്കൈഡൈവിങ് നടത്തുക. താരതമ്യേന നല്ല ആരോഗ്യമുള്ള ആർക്കും ഇൻഡോർ സ്കൈ ഡൈവിങ് ആസ്വദിക്കാമെന്ന് ഗ്രാവിറ്റിസിപ്പ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. എല്ലാ സാഹസിക കായിക പ്രേമികൾക്കും ഒരു പുതിയ അനുഭവമായിരിക്കും നൽകുക. അര ഏക്കറിൽ താഴെയുള്ള സ്ഥലത്താണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
200 മുതൽ 400 കിലോമീറ്റർ വേഗതയിൽ കാറ്റ് സൃഷ്ടിച്ചാണ് സ്കൈഡൈവിങ് സാധ്യമാക്കുക. ഇതിനായി രണ്ട് ടർബൈനുകൾ 800 കിലോവാട്ട് വൈദ്യുതിയിൽ പ്രവർത്തിക്കും. പങ്കെടുക്കുന്നവർ നൈലോൺ, സ്പാൻഡെക്സ്, കോട്ടൺ എന്നിവകൊണ്ട് നിർമിച്ച ജംപ്സ്യൂട്ടും ഹെൽമെറ്റും ലേസ്-അപ്പ് ഷൂസും ധരിക്കേണ്ടതുണ്ട്.
ഇൻഡോർ സ്കൈ ഡൈവിംഗ് സൈബരാബാദ് പോലീസ് കമ്മീഷണർ എം. സ്റ്റീഫൻ രവീന്ദ്ര, ഐടി ആൻഡ് ഐ ആൻഡ് സി പ്രിൻസിപ്പൽ സെക്രട്ടറി ജയേഷ് രഞ്ജൻ, എയർഫോഴ്സ് അഡ്വഞ്ചർ ആൻഡ് സ്പോർട്സ് പ്രിൻസിപ്പൽ ഡയറക്ടർ എയർ കമ്മഡോർ അശുതോഷ് ചതുർവേദി എന്നിവരുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം ചെയ്തു. സന്ദർശകരെ നയിക്കാൻ യൂറോപ്പിൽ നിന്നുള്ള ഇൻസ്ട്രക്ടർമാരുടെ ഒരു ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരിശീലനം ഉൾപ്പെടെ 40 മിനിറ്റ് സ്കൈ ഡൈവിംഗ് അനുഭവം ആണ് ഒരുക്കിയിട്ടുള്ളത്.
