രാജ്കോട്ട്: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്കോര്‍ കുറിച്ച് വനിതാ ടീം ചരിത്രം കുറിച്ചു. പുരുഷ ടീമിനെയും മറികടന്ന പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ കുറിച്ചത്. അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 304 റണ്‍സിന്റെ വമ്പന്‍ വിജയവും ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്തു.
ക്യാപ്റ്റന്‍ സ്മൃതി മന്ധാനയുടെയും ഓപ്പണർ പ്രതിക റാവലിന്റെയും സെഞ്ച്വറികളുടെ പിൻബലത്തിലാണ് ഇന്ത്യൻ വനിതകൾ കൂറ്റൻ സ്കോർ നേടിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുരുഷ, വനിതാ ടീമുകളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ അഞ്ചിന് 418 റൺസെന്ന റെക്കോർഡ് സ്കോറാണ് ഇന്ത്യൻ വനിതകൾ തകർത്തത്.
ക്യാപ്റ്റൻ സ്മൃതി മന്ധാന 70 പന്തുകളിൽ നിന്നാണ് അന്താരാഷ്ട്ര ഏകദിനത്തിലെ 10–ാം സെഞ്ച്വറി സ്വന്തമാക്കിയത്. ഏഴു സിക്സുകളും 12 ഫോറുകളും സഹിതമാണ് ഇന്ത്യൻ ക്യാപ്റ്റൻ 135 റൺസെടുത്തത്. 80 പന്തുകളിൽ 135 റൺസെടുത്ത് സ്മൃതി പുറത്തായി. ഇന്ത്യൻ വനിതകളിലെ വേഗമേറിയ ഏകദിന സെഞ്ച്വറിയെന്ന റെക്കോർഡും സ്മൃതി മന്ധാന സ്വന്തമാക്കി. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയ്ക്കെതിരെ 87 പന്തിൽ സെഞ്ച്വറി നേടിയ ഹർമൻപ്രീത് കൗറിന്റെ റെക്കോർഡാണ് പഴങ്കഥയാക്കിയത്.
129 പന്തുകൾ നേരിട്ട പ്രതിക റാവൽ 154 റൺസെടുത്തു. പ്രതികയുടെ കന്നി സെഞ്ച്വറിയാണിത്. 20 ഫോറും ഒരു സിക്സും സഹിതമാണ് പ്രതിക 154 റൺസെടുത്തത്. ഓപ്പണിങ് വിക്കറ്റിൽ സ്മൃതി – പ്രതിക സഖ്യം ഇരട്ടസെഞ്ചറി കൂട്ടുകെട്ടു തീർത്തു. 26.4 ഓവർ ക്രീസിൽ നിന്ന ഇരുവരും 233 റൺസാണ് അടിച്ചുകൂട്ടിയത്. വനിതാ ഏകദിനത്തിൽ ഒരു മത്സരത്തിൽ ഇന്ത്യൻ ഓപ്പണർമാർ സെഞ്ചറി നേടുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. തുടർന്നെത്തിയ റിച്ച ഘോഷ് അര്‍ധസെഞ്ച്വറി (59 റൺസ്) നേടി.തേജൽ ഹസാബ്നിസ് (25 പന്തിൽ 28), ഹർലീൻ ഡിയോൾ (10 പന്തിൽ 15) എന്നിവരാണ് പുറത്തായ മറ്റുള്ളവർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് 131 റണ്‍സ് മാത്രമേ എടുക്കാനായുള്ളൂ. അയര്‍ലന്‍ഡ് ബാറ്റിങ് നിരയില്‍ സാറോ ഫോബ്സിനും (41) ഒര്‍ല പ്രെന്‍ഡര്‍ഗാസ്റ്റ്(36) നും മാത്രമേ ഇന്ത്യയെ അല്പമെങ്കിലും ചെറുക്കാൻ സാധിച്ചത്. ദീപ്തി ശര്‍മ മൂന്നും തനൂജ കന്‍വാര്‍ രണ്ടും ടിറ്റാസ് സദ്ധു, സയാലി സത്ഘരെ മിന്നുമണി എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തി. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ വിജയിച്ച ഇന്ത്യ നേരത്തേ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു