ന്യൂഡൽഹി: മദ്ധ്യേഷ്യൻ രാജ്യമായ കിർഗിസ്ഥാനിൽ വിദേശ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായ സാഹചര്യത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യൻ വിദ്യാർത്ഥികൾ താമസസ്ഥലങ്ങളിൽ തുടരണമെന്നും പുറത്തിറങ്ങരുതെന്നും ബിഷ്കെക്കിലെ ഇന്ത്യൻ എംബസി അറിയിച്ചു. പ്രശ്നങ്ങൾ നേരിട്ടാൽ ഉടൻ എംബസിയുമായി ബന്ധപ്പെടണമെന്നും നിർദ്ദേശമുണ്ട്. ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷയിൽ കേന്ദ്ര സർക്കാർ ശ്രദ്ധ പുലർത്തുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. മലയാളികൾ അടക്കം നിരവധി ഇന്ത്യൻ വിദ്യാർത്ഥികളാണ് കിർഗിസ്ഥാനിലുള്ളത്. പാകിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളും വിദ്യാർത്ഥികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി തലസ്ഥാനമായ ബിഷ്കെക്കിലാണ് വിദേശ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് ആക്രമണമുണ്ടായത്. വിദ്യാർത്ഥികൾ താമസിക്കുന്ന കെട്ടിടങ്ങളും മെഡിക്കൽ സർവകലാശാലാ ഹോസ്റ്റലുകളും കിർഗിസ് വിദ്യാർത്ഥികൾ അടക്കം നൂറുകണക്കിന് പേർ ആക്രമിക്കുകയായിരുന്നു.സംഘർഷങ്ങളിൽ 14 വിദേശ വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേർ പാകിസ്ഥാനികളാണെന്ന് സ്ഥിരീകരിച്ചു. പാക് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടെന്നും പീഡനത്തിനിരയായെന്നുമുള്ള പോസ്റ്റുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും വ്യാജമാണെന്ന് പാക് എംബസി അറിയിച്ചു.നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അക്രമികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും കിർഗിസ് അധികൃതർ പറഞ്ഞു. സംഘർഷങ്ങളിൽ ഉൾപ്പെട്ട വിദേശികളെ അറസ്റ്റ് ചെയ്തെങ്കിലും എത്ര പേർ പിടിയിലായെന്ന് വ്യക്തമല്ല.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഘർഷങ്ങളുടെ തുടക്കം. ഈജിപ്ഷ്യൻ പെൺകുട്ടികളെ ശല്യം ചെയ്തെന്ന പേരിൽ തദ്ദേശീയരായ വിദ്യാർത്ഥികളും ഈജിപ്ഷ്യൻ വിദ്യാർത്ഥികളും ഏറ്റുമുട്ടി. ഇത് സംഘർഷത്തിന് തുടക്കമിട്ടു. ചില വിദ്യാർത്ഥികളെ തിങ്കളാഴ്ച തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കൂടുതൽ വിദേശ വിദ്യാർത്ഥികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി ബിഷ്കെക്കിൽ പ്രതിഷേധം നടന്നു. പൊലീസ് നിർദ്ദേശിച്ചിട്ടും ഒഴിഞ്ഞുപോകാൻ തയാറാകാതിരുന്ന ഇവർ അക്രമം അഴിച്ചുവിടുകയായിരുന്നു.