ന്യൂഡൽഹി: യുക്രെയ്നിൽ വെടിയേറ്റ വിദ്യാർത്ഥി ഹർജ്യോത് സിംഗിനെ ഇന്ത്യയിലെത്തിച്ചു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി ഹിൻഡൻ എയർബേസിലാണ് ഹർജ്യോത് സിംഗ് എത്തിയത്.
കേന്ദ്ര മന്ത്രി വി.കെ സിംഗിനൊപ്പമാണ് ഹർജ്യോത് തിരികെ ഇന്ത്യയിലെത്തുകയെന്ന് അറിയിച്ചിരുന്നു. യുക്രെയ്നിൽ യുദ്ധം നടക്കുന്നതിനിടെ കീവിൽ വെച്ചായിരുന്ന വിദ്യാർത്ഥിയായ ഹർജ്യോത് സിംഗിന് വെടിയേറ്റത്. ഫെബ്രുവരി 27ന് സുരക്ഷിത മേഖലയിലേയ്ക്ക് പോകുമ്പോൾ ഹർജ്യോതിന് വെടിയേൽക്കുകയായിരുന്നു. തോളിലാണ് വെടിയേറ്റത്. ഹർജ്യോതിന് തോളിൽ വെടിയേറ്റത്. കാലിനും പരിക്കേറ്റിട്ടുണ്ട്. തുടർന്ന് കീവിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
നിലവിൽ ഹർജ്യോതിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഡൽഹി ഛത്തർപൂർ സ്വദേശിയാണ് ഹർജ്യോത് സിംഗ്. അക്രമത്തിൽ പാസ്പോർട്ട് അടക്കം നഷ്ടമായിരുന്നു. ഹർജ്യോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സർക്കാർ വഹിക്കുമെന്നും നാട്ടിലേയ്ക്ക് ഉടൻ എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
