ഖാർകീവ്: മധ്യ-പടിഞ്ഞാറൻ യുക്രൈനിലെ വിനിത്സിയയിൽ ഇന്ത്യൻ വിദ്യാർത്ഥി അസുഖബാധിതനായി മരിച്ചു. പഞ്ചാബിലെ ബർണാല സ്വദേശിയായ ചന്ദൻ ജിൻഡാൽ (22) ആണ് മരിച്ചത്. വിനിത്സിയ പൈറോഗോവിലെ മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരുന്നു ചന്ദൻ ജിൻഡാൽ. അസുഖബാധിതനായി വിനിത്സിയയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ചന്ദൻ.
മസ്തിഷ്കാഘാതത്തെത്തുടർന്നാണ് ചന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറച്ച് ദിവസമായി കോമയിൽ അബോധാവസ്ഥയിലായിരുന്നു ചന്ദൻ എന്നാണ് സഹപാഠികൾ വ്യക്തമാക്കുന്നത്. അതീവഗുരുതരാവസ്ഥയിലായിരുന്നതിനാൽത്തന്നെ ചന്ദനെ മറ്റൊരിടത്തേക്ക് മാറ്റുന്നത് പ്രായോഗികമായിരുന്നില്ല. നില വഷളായതോടെ പ്രാദേശിക സമയം ഉച്ചയോടെ ചന്ദന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
