മനാമ: കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി, സഹോദരികൾ അവരുടെ ജന്മനാട്ടിലെ കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു. 16 വയസ്സുള്ള സൻസന്ന സാമും 11 വയസ്സുള്ള സനോഹ സാമും ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനികളാണ്. ഇവർ 2019 മുതൽ മുടി മുറിച്ചിക്കാതെ നീട്ടി വളർത്തുകയായിരുന്നു.
വിദ്യാർത്ഥികൾക്ക് മാവേലിക്കര കത്തോലിക്കാ രൂപതയുടെ കീഴിലുള്ള ചേതന ഇന്റഗ്രേറ്റഡ് ഡെവലപ്മെന്റ് സൊസൈറ്റി അധികൃതരിൽ നിന്ന് അഭിനന്ദന സർട്ടിഫിക്കറ്റ് ലഭിച്ചു. ഇവർ സ്വമേധയാ മുടി ദാനം ചെയ്യുകയായിരുന്നു. സൻസന്ന പതിനൊന്നാം ക്ലാസിൽ പഠിക്കുന്നു. ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് സഹോദരി സനോഹ. സാംസൺ ജോയിയുടെയും (ഡിഎച്ച്എൽ) സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആൻസി സാംസണിന്റെയും മക്കളാണ്. കേരളത്തിൽ നിന്നുള്ള കുടുംബം ഇപ്പോൾ സൽമാനിയയിലാണ് താമസിക്കുന്നത്.
‘അസുഖം മൂലം മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കാൻസർ രോഗികൾക്ക് വലിയൊരു ആശ്വാസമാണ് കേശദാനം. ദാനം ചെയ്യുന്ന മുടി കീമോതെറാപ്പിക്ക് വിധേയരായ കാൻസർ രോഗികൾക്കുള്ള വിഗ്ഗുകൾ നിർമ്മിക്കാൻ ഉപയോഗിക്കും. സാമ്പത്തികമായി ദരിദ്രരായ കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ വിതരണം ചെയ്യുമെന്ന് മാവേലിക്കര ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസും ചേതന ഡയറക്ടർ ഫാ.ജോസഫ് ടിയും പറയുന്നു.
സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിലാണ് കുടുംബം. വിദ്യാർത്ഥികളുടെ മാതാപിതാക്കൾ പറഞ്ഞു: “ചെറുപ്പത്തിൽ തന്നെ ഈ കാരുണ്യ പ്രവൃത്തി മനസ്സിലാക്കിയതിൽ മക്കളെക്കുറിച്ച് ഞങ്ങൾ അഭിമാനിക്കുന്നു. അത്തരം ഉദാത്തമായ കാരുണ്യപ്രവൃത്തികൾ പതിവായി ചെയ്യുന്ന ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് ഞങ്ങൾക്ക് പ്രചോദനവും ലഭിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.