മനാമ: ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ ‘തരംഗ് 2022’ സ്റ്റേജ് മത്സരങ്ങൾക്ക് ഇസ ടൗൺ കാമ്പസിൽ വർണാഭമായ തുടക്കം. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദീപം തെളിയിച്ചു. സെക്രട്ടറി സജി ആന്റണി, നിർവാഹക സമിതി അംഗം രാജേഷ് എം എൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസി, അധ്യാപകർ , വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ സ്വാഗതം പറഞ്ഞു.
നാടോടിനൃത്തം, മിമിക്രി, മോണോ ആക്ട് എന്നിവആദ്യ ദിനത്തിൽ അരങ്ങേറി.
120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നാണ്. സ്റ്റേജ് പരിപാടികൾ നവംബർ 19 വരെ തുടരും. നവംബർ 23 ന് ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ വേദിയിൽ ഗ്രാൻഡ് ഫിനാലെ നടക്കും. കലാശ്രീ, കലാപ്രതിഭ അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്യും.
രണ്ടാഴ്ചയായി സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും വിദ്യാർഥികൾ പങ്കെടുക്കുകയായിരുന്നു.ഇസ ടൗൺ കാമ്പസിലെ എല്ലാ വിദ്യാർത്ഥികളും ഈയിടെ നടന്ന ഉപന്യാസ രചനാ മത്സരത്തിൽ പങ്കെടുത്തു. കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം, കഴിഞ്ഞ രണ്ട് വർഷമായി സ്കൂൾ യുവജനോത്സവം ഓൺലൈനായാണ് നടത്തിയിരുന്നത്. ആര്യഭട്ട , വിക്രം സാരാഭായ്, ജെ.സി. ബോസ്, സി.വി. രാമൻ എന്നിങ്ങനെ വിവിധ ഹൗസുകളായി തിരിച്ചാണ് മത്സരം.സ്റ്റേജ്, സ്റ്റേജ് ഇതര ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വിദ്യാർത്ഥികൾക്ക് കലാശ്രീ , കലാപ്രതിഭ അവാർഡുകൾക്ക്അ സമ്മാനിക്കും. കുറ്റമറ്റതും വേഗത്തിലുള്ളതുമായ ഫലപ്രഖ്യാപനത്തിനായി ഇന്ത്യൻ സ്കൂൾ പ്രത്യേക സോഫ്റ്റ്വെയർ തയ്യാറാക്കിയിട്ടുണ്ട്.
ഗ്രാൻഡ് ഫിനാലെയിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. പരിപാടിയിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർത്ഥികളെയും അധ്യാപകരെയും ചെയർമാൻ പ്രിൻസ് എസ് നടരാജൻ,സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.