മനാമ: ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിന്റെ ഭാഗമായ വർണശബളമായ തരംഗ് ഫിനാലെ ഇന്ന് (നവംബർ 23) അരങ്ങേറും. കഴിഞ്ഞ ഒരാഴ്ചയായി നടന്നു വന്ന ഇന്ത്യൻ സ്കൂൾ യുവജനോത്സവമായ തരംഗിന്റെ പര്യവസാനമാണ് ഇന്ന് അരങ്ങേറുന്നത്. ഇസ ടൗണിലെ സ്കൂൾ ഗ്രൗണ്ടിലെ ഉജ്വലമായ വേദിയിലാണ് തരംഗ് ഫിനാലെ അരങ്ങേറുക. വൈകീട്ട് 5 മുതൽ 11 മണി വരെയാണ് പരിപാടികൾ അരങ്ങേറുക.
യുവജനോത്സവത്തിലെ ഏറ്റവും മികച്ച നൃത്ത ഇനങ്ങൾ ഫിനാലെയിൽ വീണ്ടും അവതരിപ്പിക്കും. നേരത്തെ സമ്മാനാർഹമായ അറബിക് ഡാൻസ്,ഫോക് ഡാൻസ്,സിനിമാറ്റിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ് എന്നിവയാണ് അരങ്ങേറുക. തരംഗ് യുവജനോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ ഹൗസിനും കലാപ്രതിഭകൾക്കും സമ്മാനദാനവും നടക്കും. നവംബർ 24നും 25 നും നടക്കുന്ന സംഗീത പരിപാടിയിൽ പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കും. 24ന് സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് മുഖ്യ ആകർഷണം.
സച്ചിൻ വാര്യർ, ആവണി, വിഷ്ണു ശിവ, അബ്ദുൽ സമദ് എന്നീ ഗായകരും സംഘത്തിൽ ഉൾപ്പെടും. 25നു ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും. നാഷണൽ സ്റ്റേഡിയത്തിനു സമീപം പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. നാഷണൽ സ്റ്റേഡിയത്തിൽ നിന്നും സ്കൂളിലേക്ക് ഷട്ടിൽ ബസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫെയർ ടിക്കറ്റുകൾ സ്കൂളിലും ലഭ്യമായിരിക്കും. സയാനി മോട്ടോഴ്സ് അവതരിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ മെഗാ മേളയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഇവന്റ്സ് പാർട്ണർ സ്റ്റാർ വിഷനാണ്. സ്കൂളിലും പരിസരങ്ങളിലും സി.സി.ടി.വി നിരീക്ഷണം ഉൾപ്പെടെ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഇന്ത്യൻ സ്കൂൾ അധികൃതർ അറിയിച്ചു.