മനാമ: കോവിഡ് കാലം കഴിഞ്ഞു കുട്ടികളും രക്ഷിതാക്കളും അദ്ദ്യാപകരും എല്ലാം സാധാരണ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണ് . സമാനതകളില്ലാത്ത വിധം പ്രയാസങ്ങളാണ് ഈ കാലയളവിൽ അവർ നേരിട്ടത്. രണ്ടു വർഷമായി ഓൺലൈൻ പഠനമായിരുന്നതിനാൽ കുട്ടികളുടെ സ്വഭാവത്തിൽ തന്നെ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ട്. അവർക്ക് പഠനത്തോടൊപ്പം നല്ല രീതിയിലുള്ള ഉപദേശങ്ങളും കൗൺസിലിംഗും ആവശ്യമായി വന്നിരിക്കുകയാണ്. സ്കൂൾ അധികൃതരുടെ പക്കൽ നിന്നും വളരെ വലിയ ഉത്സാഹം ഇത്തരം കാര്യങ്ങളിൽ ഉണ്ടാവേണ്ടതുണ്ട്. യോഗ്യരായ അക്കാദമിക് കൗൺസിലർമാരുടെ സേവനം കൂടുതൽ ലഭ്യമാക്കണം.
പഠ്യേതര കാര്യങ്ങളിലുള്ള കുട്ടികളുടെ കഴിവുകൾ ഉണർത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന യൂത് ഫെസ്റ്റിവൽ പോലുള്ള കാര്യങ്ങൾ അത്യാവശ്യമാണ്. അതുപോലെ സ്ക്കൂളിലെ ചാരിറ്റി പ്രവർത്തനങ്ങൾക്കും ജീവനക്കാരുടെ ഉന്നമനത്തിനും ഉപകരിക്കുന്ന മെഗാഫെയറുകൾ നടക്കേണ്ടതും അത്യാവശ്യമാണ്. ഏതു ഭരണസമിതിയുടെ കാലത്തും നടക്കുന്ന കാര്യമാണിത്. പക്ഷെ അവ കുട്ടികളുടെ പഠനത്തെ ഒരു തരത്തിലും ബാധിക്കാതെ നടത്തുവാനുള്ള ശ്രദ്ധ സ്കൂൾ അധികൃതരുടെ പക്കൽ നിന്നും ഉണ്ടാവണം. കഴിയുന്ന സഹായങ്ങൾ ചെയ്തു സ്കൂൾ മെഗാ ഫെയർ വിജയിപ്പിക്കണമെന്നും ഇന്‍ഡക്സ് പാരെന്റ്സ് ഫോറം ആവശ്യപ്പെട്ടു.
ഓൺലൈൻ ആയി നടത്തുവാൻ ഉദ്ദേശിച്ച തരംഗ് -യൂത്ഫെസ്റ്റിവൽ ഫിസിക്കൽ ആയി നടത്തുമ്പോൾ ഉണ്ടായേക്കാവുന്ന ബുദ്ദിമുട്ടുകൾ മുൻകൂട്ടി കാണുവാൻ സ്കൂൾ ഭരണസമിതി ശ്രദ്ദിക്കണമായിരുന്നു . അങ്ങിനെയങ്കിൽ ഇപ്പോൾ ഉണ്ടായ പോലുള്ള അമിത സമ്മർദ്ദം ഒഴിവാക്കാമായിരുന്നു. കോവിഡ് കാലത്തു അദ്ദ്യാപകരുടെ സേവനം വിലമതിക്കാനാവാത്തതാണ്. അവർക്ക് തക്കതായ പ്രോത്സാഹനം നൽകേണ്ടതുണ്ട്. കഴിഞ്ഞകുറെ വർഷങ്ങളായി ശമ്പള വർദ്ധനവ് ലഭിക്കാത്ത അദ്ദ്യാപകരാണ് അധികവും. അവർക്ക് കൂടി ഗുണകരമാവുന്ന രീതിയിൽ മെഗാഫെയറുകൾ മാറേണ്ടതുണ്ട്. മുൻകാലങ്ങളിൽ ഫെയറിനു ശേഷം വേതന വർദ്ധനവ് എന്ന വാഗ്ദാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അവ നടപ്പിലായിരുന്നില്ല. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കളുടെ മക്കൾക്ക് ഫീസിളവ് ലഭ്യമാകുവാനും ഫെയറിൽ നിന്നുള്ള വരുമാനങ്ങൾ ഉപയോഗിക്കാറുണ്ട്. നൂറ് ശതമാനവും അർഹരായവർക്ക് മാത്രം ഇത്തരം സഹായങ്ങൾ എത്തുന്നതെന്ന് ഉറപ്പ് വരുത്തേണ്ടത് ഭരണസമിതിയുടെ കടമയാണ്.
രണ്ടു വർഷം ഫിസിക്കൽ ആയി പരീക്ഷകൾ എഴുതാതിരുന്നതിനു ശേഷമാണ് കുട്ടികൾ ഇപ്പോൾ പരീക്ഷകൾ എഴുതി തുടങ്ങിയത്. അതിന്റെ ബുദ്ദിമുട്ടുകൾ കുട്ടികളും രക്ഷിതാക്കളും അദ്ദ്യാപകരും ഒരു പോലെ അനുഭവിക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകേണ്ടത് അത്യാവശ്യമാണ്. റിഫ കാമ്പസ്സിൽ നിന്നും നാലാംക്ലാസിലേക്കു എത്തിയ കുട്ടികൾ നീണ്ടസമയം എടുത്തുള്ള എഴുത്തുപരീക്ഷകൾക്ക് ആദ്യമായാണ് വിധേയമാവുന്നത്. .ഏതാനും മാസങ്ങൾക്കുളിൽ ബോർഡ് പരീക്ഷകൾ എഴുതേണ്ട പത്താം തരത്തിലെയും പ്ലസ് ടുവിലെയും കുട്ടികൾ ഉണ്ട്. മെഗാ ഫെയറും യൂത്ത് ഫെസ്റ്റിവലും ഒന്നും ഒരു തരത്തിലും കുട്ടികളുടെ പഠനത്തെ പഠിക്കാതെ നടത്തുവാൻ ശ്രമിക്കണമെന്ന് ഇന്‍ഡക്സ് പാരന്റ്സ് ഫോറം പത്ര പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ സ്കൂളിലെ തിരഞ്ഞെടുപ്പ് നടക്കാതെ പോയത് എന്നു മനസ്സിലാക്കുന്നു. ഇപ്പോൾ സാധാരണ ജീവിതത്തിലേക്ക് എത്തിയ സാഹചര്യത്തിൽ എത്രയും വേഗം തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. അതിന്ന് വേണ്ട ക്രമീകരങ്ങൾ ഭരണസമിതിയുടെ ഭാഗത്തു നിന്നും ഉണ്ടാവണം. വിദ്യാഭ്യാസ മന്ത്രാലയമാണ് തീരുമാനങ്ങൾ എടുക്കേണ്ടത് എന്നതിനാൽ തന്നെ രക്ഷിതാക്കൾക്ക് ഇതിൽ ഇടപെടുവാൻ പരിമിതികളുണ്ട്. പക്ഷെ മന്ത്രാലയത്തെ ബോധ്യപ്പെടുത്തി എത്രയും വേഗം തിരഞ്ഞെടുപ്പ് നടത്തേണ്ടത് ഭരണസമിതിയുടെ ധാർമ്മികതയാണ്.
സ്കൂളിന്റെ നന്മക്കായി പ്രവർത്തിക്കുവാൻ സന്നദ്ധരായ രക്ഷിതാക്കൾ ഉണ്ടായിരിക്കെ രക്ഷിതാക്കൾ അല്ലാത്തവരെ എല്ലാ കാര്യങ്ങളിലും മുന്നിൽ നിർത്തിയുള്ള പ്രവർത്തങ്ങൾ സ്കൂൾ ഭരണസമിതി തിരുത്തേണ്ടതാണ്. രാഷ്ട്രീയത്തിനും മറ്റു താല്പര്യങ്ങൾക്കും ഉപരിയായി തല്പരരായ മുഴുവൻ രക്ഷിതാക്കളെയും സ്കൂളുമായുള്ള പ്രവർത്തനങ്ങളിൽ പങ്കടുപ്പിക്കുവാനാണ് ഭരണസമിതികൾ ശ്രമിക്കേണ്ടത്. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും രക്ഷിതാക്കൾ അല്ലാത്തവരും അല്ലാതായാവരും പിൻ നിരയിലേക്ക് മാറി രക്ഷിതാക്കൾക്ക് മുൻ നിരയിൽ പ്രവർത്തിക്കുവാനുള്ള അവസരം കൊടുക്കണമെന്നും ഇന്‍ഡക്സ് പാരെന്റ്സ് ഫോറം പത്ര പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
സാധാരണ രക്ഷിതാക്കൾക്കിടയിൽ സ്കൂളുമായുള്ള കാര്യങ്ങളിൽ മതിപ്പുണ്ടാക്കുവാൻ ഇതുപകരിക്കും. കമ്മ്യൂണിറ്റി സ്കൂൾ എന്ന നിലയിൽ രക്ഷിതാക്കളല്ലാത്ത കമ്മ്യൂണിറ്റി നേതാക്കളുടെ സേവനങ്ങളും ഉപകാരപ്പെടുത്താവുന്നതാണ്. പക്ഷെ അത് രക്ഷിതാക്കളെ മാറ്റി നിർത്തികൊണ്ടാവരുത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ഇന്‍ഡക്സ് പാരെന്റ്സ് ഫോറം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ചെയർമാനായി ചന്ദ്രബോസിനെയും ജനറൽ കൺവീനറായി അജി ഭാസിയെയും കോർഡിനേറ്ററായി നവീൻ നമ്പ്യാരെയും യോഗം തിരഞ്ഞെടുത്തു. റഫീക്ക് അബ്ദുള്ള, അനീഷ് വർഗ്ഗീസ്, അശോക് കുമാർ, ജൂഡ് , ഡോ. ലക്ഷി, മുഹമ്മദ് അസം, തിരുപ്പതി, ശശി, സെന്തിൽ, പ്രിൻസ് എന്നിവരുടെ നേതൃത്വത്തിൽ നൂറ്റൊന്നംഗ രക്ഷിതാക്കളുടെ ഫോറത്തിന് രൂപം നൽകുകയും സ്റ്റാലിൻ ജോസഫ്, കെ ആർ ഉണ്ണി, സേവി മാത്തുണ്ണി, സാനി പോൾ, ഷാജി കാർത്തികേയൻ, ലത്തീഫ് ആയഞ്ചേരി, സുരേഷ് ദേശികൻ, രാജേഷ് ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകുന്ന രാക്ഷാധികാരി സമിതിക്കും രൂപം നൽകി ഇന്‍ഡക്സ് പാരന്റ്സ് ഫോറം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. അനാവശ്യ വിവാദങ്ങൾക്ക് പകരം സ്കൂളിന്റെ സർവ്വതോൻമുഖമായ പുരോഗതിയെ മുൻ നിർത്തിയുള്ള ക്രിയാത്മകമായ പ്രവർത്തനങ്ങൾക്കായിരിക്കും ഇന്‍ഡക്സ് പാരെന്റ്സ് ഫോറം മുൻഗണന നൽകുക എന്നും ഭാരവാഹികൾ അറിയിച്ചു.