
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷ സാംസ്കാരിക മേളക്ക് സംഗീത സാന്ദ്രമായ പരിപാടികളോടെ ഇസ ടൗൺ കാമ്പസിൽ ഉജ്വല സമാപനം.സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഫെയറിൽ വൻ ജനാവലി ഒത്തുചേർന്നിരുന്നു.

രണ്ട് ദിവസത്തെ ആഘോഷം കാമ്പസിനെ സംസ്കാരത്തിന്റെയും സംഗീതത്തിന്റെയും ഒരുമയുടെയും സജീവമായ കേന്ദ്രമാക്കി മാറ്റി. അധ്യാപകർ,വിദ്യാർത്ഥികൾ, മാതാപിതാക്കൾ, പൂർവ്വ വിദ്യാർത്ഥികൾ, വിശാലമായ സമൂഹം എന്നിവിടങ്ങളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് സ്കൂൾ ഫെയറിനു ലഭിച്ചത്.

സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിച്ച ഫെയറിന്റെ സമാപന ദിവസമായ വെള്ളിയാഴ്ച വിദ്യാർത്ഥികളുടെ നൃത്തപരിപാടികളും പ്രശസ്ത പിന്നണി ഗായിക രൂപാലി ജഗ്ഗ നയിച്ച സംഗീത നിശയും നിറവ് പകർന്നു.





സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ഫെയർ ജനറൽ കൺവീനർ ആർ. രമേശ്, സ്റ്റാർ വിഷൻ ഇവന്റ്സ് ചെയർമാൻ സേതുരാജ് കടയ്ക്കൽ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് – ഐടി അംഗം ബോണി ജോസഫ്, പ്രോജക്ട് – മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ് , ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്ലാറ്റിനം ജൂബിലി ജനറൽ കൺവീനർ പ്രിൻസ് എസ്. നടരാജൻ, ഫെയർ കമ്മിറ്റി ഉപദേഷ്ടാവ് മുഹമ്മദ് ഹുസൈൻ മാലിം, ഫെയർ കോർഡിനേറ്റർ അഷ്റഫ് കാട്ടിലപീടിക എന്നിവർ സന്നിഹിതരായിരുന്നു.

ഇന്ത്യൻ സ്കൂളിന്റെ അക്കാദമിക മികവ്, സാംസ്കാരിക ഐക്യം, സാമൂഹിക ഉത്തരവാദിത്തം എന്നിവയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയുടെ എഴുപത്തിയഞ്ച് വർഷങ്ങൾ ആഘോഷിക്കുന്നതാണ് പ്ലാറ്റിനം ജൂബിലി മേളയെന്ന് അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. മേളയുടെ മികച്ച വിജയത്തിന് ഗണ്യമായ സംഭാവന നൽകിയ മാതാപിതാക്കൾ, അധ്യാപകർ, സ്പോൺസർമാർ, സന്നദ്ധപ്രവർത്തകർ, സാമൂഹ്യ നേതാക്കൾ എന്നിവരുടെ അചഞ്ചലമായ പിന്തുണയ്ക്ക് അദ്ദേഹം ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി. പ്ലാറ്റിനം ജൂബിലി ഫെയർ സുവനീറിന്റെ പ്രകാശനമായിരുന്നു സമാപനത്തിന്റെ ഒരു പ്രധാന ആകർഷണം. സുവനീർ എഡിറ്റർ അനോജ് മാത്യുവും സ്റ്റാഫ് എഡിറ്റർ ശ്രീസദൻ ഒപിയും ചടങ്ങിൽ പങ്കെടുത്തു.



മേളയിലുടനീളം, സമ്പന്നമായ പാരമ്പര്യങ്ങളെയും സൃഷ്ടിപരമായ കഴിവുകളെയും പ്രതിഫലിപ്പിക്കുന്ന ഊർജ്ജസ്വലവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക പ്രകടനങ്ങളിലൂടെ വിദ്യാർത്ഥികൾ മികവ് തെളിയിച്ചു. വിവിധ കമ്മിറ്റികളുടെ സൂക്ഷ്മമായ ആസൂത്രണവും അക്ഷീണ പരിശ്രമവും സുഗമമായ ലോജിസ്റ്റിക്സ്, ആകർഷകമായ പ്രോഗ്രാമുകൾ, ഫലപ്രദമായ സ്പോൺസർഷിപ്പ് ഏകോപനം, ശക്തമായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കി, എല്ലാ സന്ദർശകർക്കും ആസ്വാദ്യകരവുമായ അനുഭവം മേള നൽകി. മന്ത്രാലയ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി ജനുവരി 26 ന് ഓൺലൈൻ റാഫിൾ നറുക്കെടുപ്പ് നടക്കും. ഒന്നാം സമ്മാന ജേതാവിന് സയാനി മോട്ടോഴ്സ് സ്പോൺസർ ചെയ്യുന്ന എം ജി കാർ ലഭിക്കും. മറ്റു ഒട്ടേറെ സമ്മാനങ്ങളും ജേതാക്കളെ കാത്തിരിക്കുന്നു.


