
മനാമ: ഇന്ത്യൻ സ്കൂൾ ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനം വളരെ ആവേശത്തോടെയും ദേശസ്നേഹത്തോടെയും ആഘോഷിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രോജക്ട് & മെയിന്റനൻസ് അംഗം മിഥുൻ മോഹൻ, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ സന്നിഹിതരായിരുന്നു. രക്ഷിതാക്കളും സ്റ്റാഫും അഭ്യുദയകാംഷികളും പങ്കുകൊണ്ടു. അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഇന്ത്യൻ ദേശീയ പതാക ഉയർത്തിയതോടെ ആഘോഷം ആരംഭിച്ചു. തുടർന്ന് ദേശീയഗാനം ആലപിച്ചു. തന്റെ അധ്യക്ഷ പ്രസംഗത്തിൽ, ദേശീയ ആഘോഷങ്ങളിലൂടെ വിദ്യാർത്ഥികളിൽ ശക്തമായ ദേശീയാഭിമാനവും കടമയും വളർത്തിയെടുക്കണമെന്നും അടുത്ത തലമുറയ്ക്ക് ശോഭനമായ ഭാവി ഉറപ്പാക്കണമെന്നും അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.


അക്കാദമിക് മികവിന്റെയും സാംസ്കാരിക വൈവിധ്യത്തിന്റെയും സമൂഹ സേവനത്തിന്റെയും 75 വർഷത്തെ മഹത്തായ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വർഷം ഇന്ത്യൻ സ്കൂളിന് പ്രത്യേക പ്രാധാന്യമുള്ളതാണ്. 1950-ൽ സ്കൂളിന്റെ എളിയ തുടക്കം മുതൽ അറേബ്യൻ ഗൾഫിലെ ഏറ്റവും വലിയ സഹ-വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി മാറുന്നതുവരെയുള്ള സ്കൂളിന്റെ യാത്ര, മഹത്തായ രാജ്യത്തിന്റെ വളർച്ചയെ പ്രതിഫലിപ്പിക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തോടുള്ള ഇന്ത്യൻ സ്കൂളിന്റെ പ്രതിബദ്ധതയും ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള സമർപ്പണവും പ്രതിഫലിപ്പിക്കുന്ന പരിപാടി മികച്ച വിജയമായിരുന്നു.

