മനാമ: ഇന്ത്യൻ സ്കൂൾ പഞ്ചാബി ദിവസ്-2021 ഓൺലൈനിൽ നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പഞ്ചാബി ഭാഷാ വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയഗാനത്തോടെ ആരംഭിച്ചു. ഗൗരി രാകേഷ്, ഗായത്രി രാകേഷ്, സംഭവി സിംഗ് എന്നിവര്‍ സ്കൂൾ പ്രാർത്ഥന ആലപിച്ചു. വിശുദ്ധ ഖുറാന് പാരായണം സൈനബ് ഫിറോസ് നടത്തി. ഗുരു ഗ്രന്ഥ് സാഹിബിൽ നിന്നുള്ള പാരായണം ബവനീത് കോര്‍ നിര്‍വഹിച്ചു. പവനീത് കോര്‍ ശബാദ് പ്രാർത്ഥന നടത്തി.
അധ്യാപിക രേവ റാണി സ്വാഗതം പറഞ്ഞു. പഞ്ചാബി മൂന്നാം ഭാഷാ വിദ്യാർത്ഥികൾക്കായി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷത്തിന്റെ സമാപന ചടങ്ങായിരുന്നു ഇത്. ആറാം ക്ലാസിനുള്ള കഥപറച്ചിൽ, ഏഴാം ക്ലാസിനുള്ള കവിത പാരായണം, എട്ടാം ക്ലാസിനുള്ള പഞ്ചാബി നാടോടി ഗാനം എന്നിവയായിരുന്നു പ്രധാന മത്സരങ്ങൾ.
പഞ്ചാബി ഭംഗ്ര ഡാൻസ്’ പോലുള്ള വൈവിധ്യമാർന്ന പരിപാടികളും പ്രധാന ആകർഷണമായിരുന്നു. ഗഗൻ പ്രീത് കോര്‍ , ജസ്പ്രീത് കോര്‍,ഗുർസഹെജ് കോര്‍, ഹർനൂർ എന്നിവരാണ് ഇത് അവതരിപ്പിച്ചത്. ഒന്നാം സമ്മാന ജേതാക്കളായ അമൃത് കോര്‍ , അമരിന്ദര്‍ സിംഗ്, രമൻ കുമാർ എന്നിവർ പഞ്ചാബി കവിതകൾ, നാടോടി ഗാനങ്ങൾ എന്നിവ അവതരിപ്പിച്ചു. ഹെഡ് ടീച്ചർ- ആക്റ്റിവിറ്റി മിഡിൽ സെക്ഷൻ സി എം ജുനിത്തും പഞ്ചാബി, ഹിന്ദി വകുപ്പുകളിലെ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. വിവിധ മത്സരങ്ങളിലെ ജേതാക്കളുടെ പേരുകൾ വകുപ്പ് മേധാവി ബാബു ഖാൻ പ്രഖ്യാപിച്ചു. പവനീത് കോര്‍ നന്ദി പറഞ്ഞു.
പരിപാടിയില്‍ സജീവമായി പങ്കെടുത്ത വിദ്യാർത്ഥികളെ സ്കൂള്‍ ചെയര്മാന് പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവര്‍ അഭിനന്ദിച്ചു.