മനാമ: ഇന്ത്യയുടെ സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ഇന്ത്യൻ സ്കൂളിൽ ആഘോഷിച്ചു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിനു മണ്ണിൽ വറുഗീസ്, മുഹമ്മദ് ഖുർഷിദ് ആലം, പ്രേമലത എൻഎസ്, അജയകൃഷ്ണൻ വി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, ഒഫിഷ്യേറ്റിങ് പ്രിൻസിപ്പൽ ബാബു ഖാൻ, ഫിസിക്കൽ എജ്യുക്കേഷൻ വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ചെയർമാൻ പ്രിൻസ് എസ് നടരാജൻ ദേശീയ പതാക ഉയർത്തി.
ദേശീയ ഗാനാലാപനത്തോടെ ആഘോഷപരിപാടി ആരംഭിച്ചു. സ്കൂൾ ബാൻഡ് ദേശഭക്തി ഗാനങ്ങൾ ആലപിച്ചു. സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനു വേണ്ടി ചെയ്ത ത്യാഗങ്ങളെ ഓർമ്മിപ്പിക്കാനുള്ള അവസരമാണ് ഈ ദിനമെന്നു പ്രിൻസ് നടരാജൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ദേശസ്നേഹത്തിന്റെയും ഐക്യത്തിന്റെയും സാരാംശം ഉൾക്കൊണ്ടായിരുന്നു ഇന്ത്യൻ സ്കൂളിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ.