മനാമ: ഇന്ത്യയുടെ പതിനാലാമത്തെ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ബഹ്റൈനിൽ എത്തുന്നു. സെപ്തംബർ എട്ടിന് ബഹ്റൈനിലെ പ്രമുഖ സംഘടനയുടെ നേതൃത്വത്തിൽ നടത്തുന്ന പൊതു പരിപാടിയിൽ പങ്കെടുക്കും.
1945 ഒക്ടോബർ ഒന്നിന് കാൻപൂരിലാണ് റാം നാഥ് കോവിന്ദ് ജനിച്ചത്. കാൻപൂർ സർവകലാശാലയിൽനിന്ന് ബികോം, നിയമ ബിരുദങ്ങൾ നേടിയ ശേഷം പതിനാറു വർഷം ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ് ചെയ്തു. 1980 മുതൽ 1993 വരെ സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ ആയിരുന്നു.
അഭിഭാഷകൻ, രാഷ്ട്രീയ നേതാവ്, സാമൂഹ്യ പ്രവർത്തകൻ എന്നിവയ്ക്ക് പുറമെ മുൻ ബിഹാർ ഗവർണറായിരുന്ന ഇദ്ദേഹം കാൺപൂരിൽനിന്നുള്ള ദലിത് നേതാവാണ്. 1977-ൽ ഡൽഹി ഹൈക്കോടതിയിൽ കേന്ദ്രസർക്കാരിന്റെ അഭിഭാഷകനായ കോവിന്ദ്, 1981-ൽ സുപ്രീം കോടതിയിൽ സർക്കാരിന്റെ ജൂനിയർ അഭിഭാഷകനായി.
1991-ൽ ബിജെപിയിൽ അംഗമായ രാം നാഥ് കോവിന്ദ് 1994 ഏപ്രിലിൽ ഉത്തർപ്രദേശിൽ നിന്നു രാജ്യസഭാംഗമായി. പിന്നെയും മൂന്നു വർഷം കഴിഞ്ഞ് 1997- ലാണ് കോവിന്ദ് ആദ്യമായി ബിജെപി ദേശീയ നിർവാഹക സമിതി അംഗമായത്. 2017 ജൂലൈ 25-ന് എൻ.ഡി.എ.യുടെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.
ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന എ.പി.ജെ. അബ്ദുൽ കലാമിനു ശേഷം ബഹ്റൈനിൽ എത്തുന്ന മുൻ രാഷ്ട്രപതികൂടിയാണ് റാം നാഥ് കോവിന്ദ്