
മനാമ: ബഹ്റൈനില്‍ മയക്കുമരുന്ന് കടത്ത് കേസില്‍ 15 വര്‍ഷം തടവുശിക്ഷ വിധിക്കപ്പെട്ട ഇന്ത്യക്കാരന് അപ്പീല്‍ കോടതി ശിക്ഷ ഇളവ് നല്കി. കൂട്ടുപ്രതികളെക്കുറിച്ച് വിവരം നല്കി അന്വേഷണത്തില്‍ പോലീസുമായി സഹകരിച്ചതിന്റെ പേരിലാണ് ഈ ഇളവ്.
രാസ ലഹരിവസ്തുക്കള്‍ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവരികയും കൈവശം വെക്കുകയും ചെയ്ത കുറ്റത്തിന് കഴിഞ്ഞ ജൂണിലാണ് ഇയാള്‍ പിടിയിലായത്. വിസിറ്റ് വിസയില്‍ ബഹ്റൈനിലെത്തിയ ഇയാള്‍ മനാമ സൂഖിലെ ഒരു ടൈലറിംഗ് കടയില്‍ ജോലി ചെയ്തുവരികയായിരുന്നു. അവിടെ വെച്ച് മയക്കുമരുന്ന് കച്ചവടക്കാരായ രണ്ടു പാക്കിസ്ഥാനികളെ പരിചയപ്പെടുകയും പിന്നീട് അവരുടെ സംഘത്തില്‍ ചേരുകയും ചെയ്തു.
അറസ്റ്റിലായതിനെ തുടര്‍ന്ന് ഇയാള്‍ മയക്കുമരുന്ന് സംഘത്തെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ നല്കി. ഇത് അന്വേഷണത്തിന് സഹായകരമായി. കീഴ്ക്കോടതി ഇയാള്‍ക്ക് 15 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചിരുന്നു. ഇതാണ് അപ്പീല്‍ കോടതി റദ്ദാക്കിയത്. എന്നാല്‍ മയക്കുമരുന്ന് ഉപയോഗിച്ച കേസില്‍ കീഴ്ക്കോടതി ഇയാള്‍ക്ക് ഒരു വര്‍ഷം തടവും തുടര്‍ന്ന് നാടുകടത്താനും വിധിച്ചത് അപ്പീല്‍ കോടതി ശരിവെച്ചു.
