ന്യൂഡൽഹി: റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ ഏതാനും ഇന്ത്യക്കാർ അകപ്പെട്ടതായി സ്ഥിരീകരിച്ച് കേന്ദ്രം. ഇവരെ മോചിപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടികൾ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. തൊഴിൽ വാഗ്ദാനത്തിൽ കബളിപ്പിക്കപ്പെട്ട് ഏതാനും ഇന്ത്യക്കാർ റഷ്യൻ സൈന്യത്തിൽ എത്തിച്ചേർന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. റഷ്യൻ പട്ടാളത്തെ സഹായിക്കുന്ന ജോലി എന്നുപറഞ്ഞ് കബളിപ്പിച്ച് ഇന്ത്യക്കാരെ റഷ്യൻ പട്ടാളത്തിൽ എത്തിച്ചതായാണ് വിവരം. ഇക്കാര്യം തങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇന്ത്യക്കാരുടെ മോചനം സംബന്ധിച്ച് ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായി സംസാരിച്ചുവരികയാണെന്നും വിദേശകാര്യ വക്താവ് രൺധീർ ജെയ്സ്വാൾ വ്യക്തമാക്കി.
റഷ്യയിൽ അകപ്പെട്ട ഹൈദരാബാദിൽ നിന്നുള്ള സുഫിയാന്റെ കുടുംബം വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇവരെ സുരക്ഷിതമായി നാട്ടിലെത്തിക്കണമെന്നും കബളിപ്പിക്കൽ നടത്തിയ ഏജന്റുമാർക്കെതിരെ നടപടിയെടുക്കണമെന്നും സുഫിയൻറെ കുടുംബം ആവശ്യപ്പെട്ടു. എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസിയും ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് എത്തിയിരുന്നു. ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഒവൈസി വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന് കത്തയച്ചു.