മനാമ: ഇന്ത്യൻ പ്രവാസി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഇന്ത്യൻ എംബസി ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ലേബർ മാർക്കറ്റിംഗ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്) എന്നിവയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ എംബസി പരിസരത്ത് ഫെബ്രുവരി 11 ശനിയാഴ്ച വൈകുന്നേരം 6.30 മുതൽ 7.30 വരെയാണ് പരിപാടി നടക്കുക.
തൊഴിലാളികൾക്കിടയിൽ “ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിനെ” കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും തൊഴിലിടങ്ങളിലെ അവരുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് അവരെ ബോധവാന്മാരാക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ എൽഎംആർഎ ഉദ്യോഗസ്ഥരുമായി ഒരു സംവേദനാത്മക സെഷനും ഉണ്ടായിരിക്കും. അതിൽ തൊഴിൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്ക് എൽഎംആർഎ പ്രതിനിധി സംസാരിക്കും.
ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ, റിസോഴ്സസ് ആൻഡ് സർവീസസ് ആക്ടിംഗ് ഡെപ്യൂട്ടി സിഇഒ ഈസാം മുഹമ്മദ്, ഓപ്പറേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം (എൽഎംആർഎ) ആക്ടിംഗ് ഡെപ്യൂട്ടി സിഇഒ അഹമ്മദ് ഇബ്രാഹിം അൽ അറബി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.