മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസി ഭരണഘടനാ ദിനം ആഘോഷിച്ചു. ഇതിന്റെ ഭാഗമായി കോൺസുലാർ സേവനങ്ങൾക്ക് അപ്പോയിൻറ്മെൻറ് എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ഉപയോക്തൃ-സൗഹൃദ മൊബൈൽ ആപ്ലിക്കേഷൻ ഇന്ത്യൻ എംബസി പുറത്തിറക്കി. ഇന്ത്യൻ എംബസിയിൽ സംഘടിപ്പിച്ച ഭരണഘടന ദിനാഘോഷ ചടങ്ങിലാണ് ‘EoIBh CONNECT’എന്ന ആപ് അംബാസഡർ പീയുഷ് ശ്രീവാസ്തവ അവതരിപ്പിച്ചത്. ഇന്ത്യൻ പ്രവാസി സമൂഹത്തിന് കൂടുതൽ വേഗത്തിൽ സേവനങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്നതാണ് ഈ ആപ്.
ഇന്ത്യൻ എംബസിയിൽനിന്ന് കോൺസുലാർ സേവനങ്ങൾ ലഭിക്കാൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനാണ് പുതിയ മൊബൈൽ ആപ് പുറത്തിറക്കിയത്. അറ്റസ്റ്റേഷൻ സേവനങ്ങൾ, തൽക്കാൽ പാസ്പോർട്ട്, വിസ സേവനങ്ങൾ എന്നിവക്കുള്ള അപ്പോയിൻറ്മെൻറുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ പാസ്പോർട്ട് സേവനങ്ങൾക്കുള്ള എംബസിയുടെ പുറംകരാർ ഏജൻസിയായ ഐ.വി.എസ് നൽകുന്ന സേവനങ്ങൾക്കും ബുക്കിങ് നടത്താൻ കഴിയും. ഭരണഘടന ദിനാഘോഷ ഭാഗമായി അംബാസഡർ ഭരണഘടനയുടെ ആമുഖം വായിച്ചു. തുടർന്ന് രാഷ്ട്രപിതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പാർലമെൻറിന്റെ സെൻട്രൽ ഹാളിൽ രാഷ്ട്രപതിയുടെ നേതൃത്വത്തിൽ നടന്ന ഭരണഘടന ദിനാചരണത്തിലും അംബാസഡറും ജീവനക്കാരും ഓൺലൈനിൽ പങ്കാളികളായി.

ഭരണഘടനാദിനത്തിന്റെ പ്രാധാന്യം ഓർമിപ്പിച്ച അംബാസഡർ ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്യൂണിറ്റി അംഗങ്ങൾക്കും മാധ്യമങ്ങൾക്കും നന്ദിയും രേഖപ്പെടുത്തി. എംബസി സേവനങ്ങൾ മെച്ചപ്പെടുത്താൻ സ്വീകരിച്ച നടപടികളും അംബാസഡർ വിശദീകരിച്ചു. വെബ്സൈറ്റ് നവീകരണം, കൂടുതൽ സൗകര്യങ്ങളോടെ ഐ.വി.എസ് സെൻറർ ദാന മാളിലേക്ക് മാറ്റി സ്ഥാപിച്ചത് എന്നിവയെല്ലാം ഇന്ത്യൻ സമുഹത്തിന് പ്രയോജനം ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ മേഖലകളിലെ മികച്ച ഉഭയകക്ഷി സഹകരണത്തിന് അനുസൃതമായി ഇരു രാജ്യങ്ങളും തമ്മിലുള്ള യാത്രകൾ സുഗമമാക്കുന്നതിന് ഇന്ത്യയും ബഹ്റൈനും അടുത്തിടെ സ്വീകരിച്ച നടപടികളെക്കുറിച്ചും അംബാസഡർ വിവരിച്ചു.
കോൺസുലാർ സേവനങ്ങൾ കൂടുതൽ സൗഹൃദപരവും സമൂഹത്തിന് സൗകര്യപ്രദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അപ്പോയിന്റ്മെന്റുകൾ ഷെഡ്യൂൾ ചെയ്യുന്നതിനുള്ള ‘EoIBhCONNECT’ ആപ്ലിക്കേഷൻ ലക്ഷ്യമിടുന്നതെന്ന് എംബസി അറിയിച്ചു.
