മനാമ: ബഹ്റൈനിലെ ഇന്ത്യൻ എംബസി ഡിജിറ്റൽ ഫീസ് കളക്ഷൻ കിയോസ്ക് അവതരിപ്പിച്ചു. ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് കിയോസ്ക് ഉദ്ഘാടനം ചെയ്തു. ഐസിഐസിഐ ബാങ്ക്, സദാദ് ഇലക്ട്രോണിക് പേയ്മെൻ്റ് സിസ്റ്റം എന്നിവയുമായി സഹകരിച്ചാണ് എംബസി പരിസരത്ത് ഡിജിറ്റൽ ഫീസ് കളക്ഷൻ കിയോസ്ക് സ്ഥാപിച്ചത്. പാസ്പോർട്ട് പുതുക്കൽ, സാക്ഷ്യപ്പെടുത്തൽ, വിവാഹ രജിസ്ട്രേഷൻ, ജനന രജിസ്ട്രേഷൻ എന്നിവയുൾപ്പെടെയുള്ള വിവിധ സേവനങ്ങൾക്കായി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ മുഖേന സൗകര്യപ്രദമായി പണമടയ്ക്കാൻ ഇതുവഴി സാധിക്കും.
ഐസിഐസിഐ ബാങ്ക്, സദാദിൽ നിന്ന് എംബസിയിലേക്ക് ഡിജിറ്റലായി ശേഖരിക്കപ്പെട്ട ഫണ്ടുകൾ തടസ്സമില്ലാതെ കൈമാറ്റം ചെയ്യുന്നത് ഉറപ്പാക്കുന്നു. അതേസമയം കിയോസ്കിൻ്റെ പ്രവർത്തനത്തിൻ്റെ ഉത്തരവാദിത്തം സദാദിനാണ്. ഐസിഐസിഐ ബാങ്ക് പശ്ചിമേഷ്യ ആൻഡ് ആഫ്രിക്ക റീജിയണൽ ഹെഡ് അനിൽ ദാബ്കെ, സദാദ് ഇലക്ട്രോണിക് പേയ്മെൻ്റ് സിസ്റ്റം ബിഎസ്സി സിഇഒ ഡോ. റിഫത്ത് മുഹമ്മദ് കാഷിഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.