ന്യൂഡൽഹി: തകർപ്പൻ പ്രകടനത്തിലൂടെ ട്വന്റി-20 ലോകകപ്പ് കിരീടനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മികച്ച വിജയം നേടിയ ടീമിനെ ജനങ്ങൾക്കുവേണ്ടി അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്നും പറഞ്ഞു.
‘കളിക്കളത്തിൽ ലോകകപ്പാണ് ജയിച്ചതെങ്കിലും രാജ്യത്തെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും തെരുവുകളിലെയും കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയമാണ് കീഴടക്കിയത്. ഇത്രയേറെ രാജ്യങ്ങളും ടീമുകളുമുണ്ടായിട്ടും ഒരു കളിപോലും തോൽക്കാതെ ലോകകപ്പ് സ്വന്തമാക്കുക എന്നത് ചെറിയൊരു നേട്ടമല്ല. അക്കാരണത്താലും ഈ ലോകകപ്പ് വിജയം പ്രത്യേകം ഓർമ്മിക്കപ്പെടും. കിക്കറ്റ് ലോകത്തെ എല്ലാ പ്രഗത്ഭ ടീമുകളെയും നേരിട്ട് നിങ്ങൾ വിജയം സ്വന്തമാക്കി. ഈ കളി ചരിത്രമാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനമുണ്ട്’ എക്സ് സന്ദേശത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യൻ ടീമിനെ അഭിനന്ദിച്ചു. ടൂർണമെന്റിലുടനീളമുളള പ്രകടനത്തിനും ഗംഭീരമായ ലോകകപ്പ് വിജയത്തിനും ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്.
ഇന്നലെ ബാർബഡോസിലെ കെൻസിംഗ്ടൺ ഓവൽ ഗ്രൗണ്ടിൽ അവസാന നിമിഷംവരെ ആവേശം നീണ്ട ഫൈനലിലാണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഇന്ത്യ കിരീട നേട്ടം സ്വന്തമാക്കിയത്. ഏഴ് റൺസിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടിബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ.ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടത്.